വീടുകളിലെ പാല്‍വില്‍പനയ്ക്കിടെ സ്ത്രീകളുമായി സൗഹൃദം, മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം നടത്തിയതറിഞ്ഞ് വീട്ടമ്മ തൂങ്ങിമരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

കിളിമാനൂര്‍: ഓട്ടോറിക്ഷയില്‍ വീടുകളിലെ പാല്‍വില്‍പനയ്ക്കിടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം നടത്തിയതറിഞ്ഞ് വീട്ടമ്മ തൂങ്ങിമരിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലെ കുമ്മിള്‍ ഇട്ടിമൂട് വട്ടത്താമര അശ്വതിഭവനില്‍ കണ്ണന്‍ എന്നുവിളിക്കുന്ന അരുണിനെ(27)യാണ് അറസ്റ്റ് ചെയ്തത്. രണ്ടു കുട്ടികളുടെ അമ്മയായ യുവതി തൂങ്ങിമരിച്ച സംഭവത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ഒരാഴ്ചമുമ്പ് കിളിമാനൂരിന് സമീപം കാട്ടുംപുറം സ്വദേശിനിയായ വീട്ടമ്മ തൂങ്ങിമരിച്ചിരുന്നു. യുവതിയില്‍നിന്നു കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ അരുണിനെക്കുറിച്ച് സൂചനയുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. അരുണ്‍ യുവതിയെ പലതുംപറഞ്ഞ് കന്യാകുമാരിയിലും മറ്റും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും ആവശ്യപ്പെടുകയും ചെയ്തതായി കുറിപ്പിലുണ്ട്. ഇതുപ്രകാരം യുവതി സ്വര്‍ണവും പണവും നല്‍കുകയും ചെയ്തു.

ഇതിനിടെ മറ്റൊരു യുവതിയുമായി അരുണിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഇതറിഞ്ഞാണ് വീട്ടമ്മ ജീവനൊടുക്കിയത്. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഓട്ടോഡ്രൈവറായ അരുണ്‍ വീടുകളില്‍ പാല്‍ എത്തിക്കുന്ന ജോലിയും ചെയ്തിരുന്നു. ഇതുവഴി പല സ്ത്രീകളുമായി അരുണ്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. വീട്ടമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ അരുണ്‍ സജീവമായി പങ്കെടുത്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →