ചെന്നൈ: സ്‌നേഹിച്ച പെണ്‍കുട്ടിയെ കാണാന്‍ രാത്രിയിലെത്തിയ പത്താം ക്ലാസുകാരനെ പെണ്‍വീട്ടുകാര്‍ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ ചിദംബരത്ത് വാവൂസി തെരുവില്‍ അറുമുഖത്തിന്റെ മകന്‍ അന്‍പഴകനാണ് കൊല്ലപ്പെട്ടത്. രാത്രി പെണ്‍കുട്ടിയെ കാണാനെത്തിയപ്പോള്‍ പെണ്‍വീട്ടുകാര്‍ പിടികൂടി കൈകള്‍ ബന്ധിച്ചശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്കുശേഷം മൃതദേഹം ടെറസില്‍ ഉപേക്ഷക്കുകയായിരുന്നു. ഒരാള്‍ ടെറസില്‍ പരുക്കേറ്റു കിടക്കുന്നുവെന്ന് വീട്ടുകാര്‍ തന്നെയാണ് പൊലീസിനെ അറിയിച്ചത്.
വീട്ടുകാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലയുടെ കാരണം വ്യക്തമായത്. കൊല്ലപ്പെട്ട അന്‍പഴകന് വീട്ടിലെ പത്താം ക്ലാസുകാരിയോട് ഇഷ്ടമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പലതവണ വിലക്കിയെങ്കിലും അന്‍പഴകന്‍ കൂട്ടാക്കിയില്ല. സംഭവത്തെതുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

