11കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ചു

ചെന്നൈ: പീഡനക്കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ചു. അയനാവരം പീഡനക്കേസിലെ മരണംവരെ തടവിനു ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി പളനിയാണ് ജയിലില്‍ ജീവനൊടുക്കിയത്. പുഴല്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലിലാണ് പളനി തൂങ്ങിമരിച്ചത്. ഒരുമണിയോടെ ശുചിമുറിയില്‍ പോകാനായി സെല്ലില്‍നിന്ന് പുറത്തിങ്ങിയ പളനി തിരികെ വരാത്തതിനെ തുടര്‍ന്ന് വാര്‍ഡന്‍മാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. ജയിലിനുള്ളിലെ ആശുപത്രിയിലും തുടര്‍ന്ന് സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയനാവരത്തെ ഫ്ലാറ്റ് സമുച്ചയത്തിലെ ജീവനക്കാര്‍ 11 വയസുള്ള ബധിരയായ പെണ്‍കുട്ടിയെ ഏഴു മാസത്തോളം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കള്‍ ജോലിക്കുപോകുന്ന സമയത്ത് ഫ്ളാറ്റിലെ ജീവനക്കാരായ പ്രതികള്‍ പെണ്‍കുട്ടിയെ ഒഴിഞ്ഞ ഫ്ളാറ്റുകളിലേക്കു കൂട്ടികൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തുവെന്നാണ് കേസ്. ഏഴുമാസം നീണ്ട പീഡനം പെണ്‍കുട്ടി മൂത്തസഹോദരിയോടു വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് 2018 ജൂലൈയിലാണ് പുറംലോകം അറിഞ്ഞത്.

സംഭവത്തില്‍ ഫെബ്രുവരി മൂന്നിന് കേസിലെ 16 പ്രതികള്‍ക്ക് ചെന്നൈയിലെ പോസ്‌കോ കോടതി തടവുശിക്ഷ വിധിച്ചു. ഇതില്‍ പളനിക്ക് മരണംവരെ തടവാണു വിധിച്ചത്. പളനിയുടെ കൂടെ രവികുമാര്‍, സുരേഷ്, അഭിഷേക് എന്നി പ്രതികള്‍ക്കും മരണംവരെ കഠിനതടവ് വിധിച്ചിരുന്നു. ഒരിക്കലും പരോള്‍ അനുവദിക്കരുതെന്നും ചെന്നൈ പോസ്‌കോ കോടതിയുടെ വിധിയിലുണ്ട്. ഇതേത്തുടര്‍ന്ന് പളനി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →