ഹൈദരാബാദ്: ഒരു കാമുകന്റെ നിരാശയില്‍ പിറവിയെടുത്ത അരുംകൊലയില്‍ പൊലിഞ്ഞത് ഒമ്പത് ജീവനുകള്‍. കൂട്ടക്കൊലയുടെ മുഖ്യപ്രതി ബിഹാര്‍ സ്വദേശി സജ്ഞയ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കൊടുക്കുകയും പിന്നീട് മൃതദേഹങ്ങള്‍ കിണറ്റില്‍ തള്ളുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. മരിച്ചവരില്‍ ആറുപേര്‍ ഒരു കുടുംബത്തില്‍നിന്നുള്ളവരാണ്. മറ്റു മൂന്നുപേര്‍ ഇവരുടെ സമീപവാസികളുമാണ്. വ്യാഴാഴ്ച വൈകുന്നേരവും വെള്ളിയാഴ്ച രാവിലെയുമായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മക്സൂദ് ആലം, ഭാര്യ നിഷ, അവരുടെ മൂന്നുമക്കള്‍, മൂന്നവയസ്സുള്ള പേരമകന്‍, ത്രിപുരയില്‍നിന്നുള്ള ഷക്കീല്‍ , ബിഹാറില്‍നിന്നുള്ള ശ്രീറാം, ശ്യം എന്നിവരുടെ മൃതദേഹമാണ് ഇവര്‍ താമസിച്ചിരുന്നതിന് സമീപത്തെ കിണറ്റില്‍നിന്നു ലഭിച്ചത്. കൊല്ലപ്പെട്ട മക്സൂദ് ആലമിന്റെ മകളുമായി സജ്ഞയ്കുമാറിന് ബന്ധമുണ്ടായിരുന്നതായും ബന്ധം പിരിഞ്ഞതിലെ വൈരാഗ്യമാണ് കൊലയിലേക്കു നയിച്ചതെന്ന് പൊലീസ് പറയുന്നു. പശ്ചിമ ബംഗാളില്‍നിന്ന് 20 വര്‍ഷംമുമ്പ് ജോലിതേടി തെലങ്കാനയില്‍ എത്തിയതാണ് മക്സൂദ് ആലമും കുടുംബവും. ചണം ഉപയോഗിച്ച് ബാഗുകള്‍ നിര്‍മിക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്.