അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പരിശോധന

നെടുങ്കണ്ടം: അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പരിശോധന. നെടുങ്കണ്ടത്തിനടുത്ത് മാവടി നാല്‍പതേക്കറില്‍ ഗൃഹനാഥന്റെ അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്താണ് കോട്ടയം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. സ്ഥലത്തുനിന്ന് ദ്രവിച്ച ചാക്കിന്റെ അവശിഷ്ടം കണ്ടെത്തിയിരുന്നു. സ്ഥലത്തെ മണ്ണ്, അസ്ഥികൂടം കെട്ടിയിട്ടിരുന്ന മരത്തിന്റെ ചുവട് ഭാഗം, തൊലി എന്നിവ പരിശോധിച്ചു. മാവടിയില്‍നിന്നു കാണാതായ ഗൃഹനാഥന്റെ വീട്ടിലും സര്‍ജന്‍ പരിശോധന നടത്തി. കാണാതായ ഗൃഹനാഥന്റെ ചിത്രങ്ങള്‍ പരിശോധിച്ചു. ഗൃഹനാഥന്റെ പല്ലുകളുടെ അകലം, പല്ലിന്റെ ഘടന, വ്യത്യാസം, ഉയരം എന്നിവ ബന്ധുക്കളില്‍നിന്ന് ചോദിച്ചു മനസിലാക്കി. പൊലീസ് സര്‍ജന്‍ ജെയിംസ് കുട്ടിയാണ് സ്ഥലം പരിശോധിച്ചത്.

അസ്ഥികൂടത്തില്‍നിന്ന് ഒരു വയ്പ്പുപല്ല് പൊലീസിനു ലഭിച്ചിരുന്നു. ഈ പല്ല് കഴിഞ്ഞവര്‍ഷം നെടുങ്കണ്ടത്തെ സ്വകാര്യ ദന്താശുപത്രിയിയിലെ ഡോക്ടര്‍ വച്ചതാണെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. സ്വകാര്യ ദന്താശുപത്രിയില്‍ മാറ്റിസ്ഥാപിച്ച പല്ലിന്റെ ചികിത്സാരേഖകള്‍ പൊലീസ് സര്‍ജന്‍ പരിശോധിച്ചു. 40 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്റെ അസ്ഥികൂടമാണിതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം കാണാതായ മാവടി സ്വദേശിയുടെ അസ്ഥികൂടമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ബുധനാഴ്ചയാണ് ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →