വിശാഖപട്ടണം : വിശാഖപട്ടണത്തെ എല്‍ ജി പോളിമേഴ്‌സ് ഫാക്ടറിയില്‍ ഇന്നു പുലര്‍ച്ചെ ( 07.05.2020 ) ഉണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരണം പത്തായി. 5000 പേര്‍ ചികിത്സയിലാണ്. സ്റ്റിറിന്‍ എന്ന വാതകമാണ് ചോര്‍ന്നത്. ശ്വാസംമുട്ടലും കണ്ണു പുകയുന്നതുമാണ് വിഷബാധയേറ്റവർ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍.
മരണമടഞ്ഞവരില്‍ എട്ടു വയസ്സുള്ള കുട്ടിയും രണ്ടു വൃദ്ധരുമുള്‍പ്പെടുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിരുന്ന ഫാക്ടറി ഇന്നലെ അറ്റകുറ്റപ്പണികള്‍ക്കായി തുറന്നു. ജോലികള്‍ നടക്കുന്നതിനിടെ ഉണ്ടായ കൈയബദ്ധമാണ് വാതകചോര്‍ച്ചയ്ക്ക് കാരണമായത്. ദ്രാവകരൂപത്തില്‍ സൂക്ഷിച്ചിരുന്ന വാതകടാങ്കില്‍ ചില ജോലികള്‍ ചെയ്യുന്നതിനിടെയാണ് അപകടം. ദ്രാവകരൂപത്തിലുള്ള സ്റ്റിറിന്‍ കുറേ അളവ് വാതക രൂപത്തിലേക്ക് മാറുകയും പുകയായി വ്യാപിക്കുകയായിരുന്നു ഉണ്ടായത്.
ചോര്‍ച്ചയെ തുടര്‍ന്ന് വിഷവാതകം മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു. വിഷബാധയേറ്റ് ഉറക്കമുണര്‍ന്നവര്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. ശ്വാസംമുട്ടലും കണ്ണു പുകച്ചിലും അനുഭവപ്പെട്ട ആളുകള്‍ കുഴഞ്ഞു വീണു തുടങ്ങി. ശ്വാസമെടുക്കാന്‍ വിഷമിച്ച് ആളുകള്‍ വാതില്‍ തുറന്നു തെരുവിലൂടെ ഓടി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആള്‍ക്കൂട്ടം ശ്വാസം ലഭിക്കാതെ റോഡില്‍ കിടന്നു ഉരുണ്ടു. പരിഭ്രാന്തരായി പരക്കംപാച്ചില്‍ ആരംഭിച്ചു. ഫാക്ടറി മെയിന്റനന്‍സിനായി പ്രവേശിച്ച തൊഴിലാളികളില്‍ ചിലര്‍ ഉള്ളില്‍ കുടുങ്ങി കിടപ്പുണ്ട് എന്ന് സംശയം ഉണ്ട്.
ആദ്യ പരിശ്രമങ്ങളില്‍ വാതകചോര്‍ച്ച നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ല. ചോര്‍ച്ച ഇപ്പോള്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്. യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് ഫാക്ടറി തുറന്നു പ്രവര്‍ത്തിച്ചതെന്ന് ആന്ധ്ര പ്രദേശ് വ്യവസായ മന്ത്രി അറിയിച്ചു. ശക്തമായ നടപടികള്‍ ഉത്തരവാദികള്‍ക്കെതിരെ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തണുപ്പിച്ച് ദ്രാവക രൂപത്തില്‍ ആണ് സ്റ്റിറിന്‍ വാതകം സൂക്ഷിക്കുന്നത്. ഇത് ശ്വസിച്ചതു മൂലം ആളുകള്‍ക്ക് ഉണ്ടാകുന്ന ദീര്‍ഘകാല പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് ഇനിയും പഠനവിധേയമാക്കേണ്ട കാര്യമാണ് എന്ന് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.