തൃശൂര്‍: ദേശീയപാത- 544 വടക്കഞ്ചേരി – മണ്ണുത്തി കുതിരാനിലുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ മഴയ്ക്ക് മുന്‍പ് അവസാനിപ്പിച്ചില്ലങ്കില്‍ നിര്‍മ്മാണ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെ അദ്ധ്യക്ഷ യോഗം തീരുമാനിച്ചു. ദുരന്തനിവാരണ നിയമ പ്രകാരം കരാര്‍ കമ്പനിക്കും ഹൈവേ അതോറിറ്റിക്കുമെതിരെ കേസെടുക്കണമെന്നും കരാര്‍ ലംഘന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നും യോഗത്തില്‍ പങ്കെടുത്ത ഗവ. ചീഫ് വിപ് അഡ്വ. കെ രാജന്‍ പറഞ്ഞു. കരാര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാതെടോള്‍ പിരിക്കാന്‍ അനുവദിക്കില്ല.
ദേശീയപാതയിലെ കൃത്യമല്ലാത്ത നിര്‍മ്മാണം മൂലം ഹൈവേയില്‍ മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത് സാധാരണ സംഭവമായിരിക്കുന്നു. വെള്ളക്കെട്ട് രൂപപ്പെടുന്നതു മൂലം രോഗങ്ങള്‍ പടരാനുള്ള സാധ്യതയും തള്ളി കളയാനാകില്ല. മണ്ണുത്തി ബൈപ്പാസ് മുതല്‍ മുടിക്കോട്, പട്ടിക്കാട്, കോമ്പഴ, ചുവന്നമണ്ണ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ട് മൂലം നിരവധി സാംക്രമിക രോഗങ്ങള്‍ പടരുന്നു. വെള്ളക്കെട്ടും അപകടാവസ്ഥയും പരിഹരിക്കാതെ ഹൈവേയിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയിുന്നില്ലന്ന് കെ.രാജന്‍ പറഞ്ഞു. ദേശീയ പാതയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുകയും വെള്ളം സുഗമമായി ഒഴുകുന്നതിന് കാനയിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യണം. ഇന്ന് (06-05) ജില്ലാ കളക്ടര്‍ എസ് ഷാനവാസും ചീഫ് വിപ്പ് കെ രാജനും ദേശീയപാത നിര്‍മ്മാണ മേഖല സന്ദര്‍ശിച്ചു.
ഡെപ്യൂട്ടി കളക്ടര്‍ റെജില്‍, നാഷ്ണല്‍ ഹൈവേ അതോറിറ്റി പ്രതിനിധികള്‍, പവര്‍ ഗ്രിഡ്, നിര്‍മ്മാണ കമ്പനി എക്‌സ്പ്രസ് വേ ലിമിറ്റഡ്, സോഷ്യല്‍ ഫോറസ്റ്റ്, പാണഞ്ചേരി പഞ്ചായത്ത് പ്രതിനിധികള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.