ന്യൂഡല്‍ഹി ഏപ്രിൽ 22: ലോക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് വരാന്‍ സാധിക്കാതെ ദുബൈയില്‍ കുടുങ്ങിയ ഗര്‍ഭിണിയായ യുവതി സുപ്രീംകോടതിയെ സമീപിച്ചു. കോഴിക്കോട് സ്വദേശിയും ദുബൈയില്‍ എന്‍ജിനീയറുമായ ആതിര ഗീത ശശീന്ദ്രനാണ് നാട്ടിലേക്ക് വരാന്‍ സഹായം തേടി കോടതിയില്‍ ഹർജി നല്‍കിയത്.
ഭര്‍ത്താവിനൊപ്പം ദുബൈയില്‍ താമസിക്കുന്ന ആതിരയുടെ പ്രസവം ജൂലൈയിലാണ്. നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന് അവധി ലഭിക്കാത്തതിനാല്‍ ആതിരക്കൊപ്പം നാട്ടിലേക്ക് വരാന്‍ സാധിക്കില്ല. കൂടാതെ, കോവിഡിനെ തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിമാന സര്‍വീസും ലഭ്യമല്ല. ഈ സാഹചര്യത്തില്‍ സഹായം തേടിയാണ് യുവതി കോടതിയെ സമീപിച്ചത്.
ജൂലൈയില്‍ പ്രസവ തീയതി ആയതിനാല്‍ മെയ് ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ചയില്‍ യുവതിക്ക് നാട്ടിലെത്തണം. വൈറസ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ കൂടുതല്‍ പരിചരണം ലഭിക്കാനായി നാട്ടിലേക്ക് മടങ്ങേണ്ടത് അനിവാര്യമാണ്.
നിലവില്‍, നാട്ടിലെത്താന്‍ യാതൊരു സൗകര്യവും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല. യുവതിയുടെയും ജനിക്കാന്‍ പോകുന്ന കുട്ടിയുടെയും സ്ഥിതി അപകടകരമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.