ന്യൂഡൽഹി ഏപ്രിൽ 5: കോവിഡ്-19 രോഗവ്യാപനത്തിന്റെ ഇരുട്ടിനെതിരേ ഐക്യത്തിന്റെ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് ഐക്യദീപം തെളിയിക്കൽ ആരംഭിച്ചു. ഒമ്പതുമണി മുതൽ ഒമ്പതു മിനുട്ട് നേരത്തേക്കാണ് ഐക്യദീപം തെളിയിക്കൽ നടന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ജനങ്ങൾ ദീപങ്ങൾ തെളിയിച്ചു.
കൊറോണ വ്യാപനത്തിനെതിരേ സംഘടിപ്പിച്ച ജനതാ കർഫ്യൂ, ലോക്ക്ഡൗൺ നടപടികളുടെ തുടർച്ചയെന്ന നിലയിലാണ് ഐക്യദീപം തെളിക്കൽ ആശയം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. ലോക്ക്ഡൗണിന്റെ ഒമ്പതാം ദിവസമായ വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേ ആയിരുന്നു ഇത്.
ഐക്യദീപം തെളിക്കുമ്പോൾ ആരും വീടിന് പുറത്തിറങ്ങുകേയാ കൂട്ടംകൂടുകയോ ചെയ്യരുതെന്നും, സാമൂഹിക അകലം പാലിക്കലിന്റെ ‘ലക്ഷ്മണരേഖ’ ആരും മറികടക്കരുതെന്നും മോദി നിർദേശിച്ചിരുന്നു. പകരം വീടിന്റെ വാതിൽക്കലോ ബാൽക്കണിയിലോ ചെരാതുകൾ, മെഴുകുതിരി, മൊബൈൽ ഫോൺ വെളിച്ചം, ടോർച്ച് എന്നിവ തെളിച്ച് കൊറോണയുടെ അന്ധകാരത്തെ അകറ്റാനായിരുന്നു നിർദേശം.

