തിരുവനന്തപുരം ഏപ്രിൽ 3: കൊറോണ ബാധിതരെ ചികിത്സിക്കാന്‍ സര്‍ക്കാരിന് വേണ്ടിവരുന്നത് കോടികള്‍. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ചികിത്സ പൂര്‍ണമായും സൗജന്യമാണെങ്കിലും രോഗം സ്ഥിരീകരിച്ച് നിരീക്ഷണത്തിലുള്ള ഒരാള്‍ക്ക് ദിവസം 20,000 രൂപമുതല്‍ 25,000 രൂപവരെ സര്‍ക്കാരിന് ചെലവ് വരുന്നുണ്ടെന്നാണ് വിലയിരുത്തല്‍. രോഗം മൂര്‍ച്ഛിച്ചവരെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റുകയും വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുകയും വേണ്ടിവന്നാല്‍ ഇത് അരലക്ഷം കടക്കും. കോവിഡിനൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരാണെങ്കില്‍ അതിനുള്ള മരുന്നും ചികിത്സച്ചെലവും വേറെ. രോഗം കടുത്തില്ലെങ്കില്‍പോലും ആശുപത്രി വിടാന്‍ കുറഞ്ഞത് 14 ദിവസമെങ്കിലും വേണ്ടിവരും.
രോഗം സംശയിക്കുന്നവരുടെ ശ്രവപരിശോധനയ്ക്ക് 4500 രൂപവരെ. പരിശോധനാ കിറ്റിന് മാത്രം 3000 രൂപ.
രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുന്നതും സര്‍ക്കാര്‍ ചെലവിലാണ്.
രോഗലക്ഷണങ്ങള്‍ക്ക് നല്കുന്ന ആന്റീബയോട്ടിക്കുകളുടെ വീര്യം കൂടുന്നതിനനുസരിച്ച് വിലയും കൂടും. ആയിരം രൂപയോ അതിനുമുകളിലോ പൊതുവിപണിയില്‍ വിലവരുന്ന ആന്റീബയോട്ടിക്കുകളാണ് പലര്‍ക്കും നല്‍കേണ്ടിവരുന്നത്. മുറിവാടകയടക്കമുള്ള ചെലവ് കണക്കാക്കിയാല്‍ ചെലവ് ഇനിയുമേറും.
രോഗം മൂര്‍ച്ഛിക്കുന്നവരെ വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ.സി.യു.വിലേക്ക് മാറ്റുന്നത്. മുഴുവന്‍ സംവിധാനങ്ങളുമുള്ള വെന്റിലേറ്റര്‍ ഉപയോഗത്തിന് ദിവസം 20,000-25,000 രൂപവരെ ചില സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നുണ്ട്
ഐ.സി.യു.വില്‍ നിയോഗിച്ചിട്ടുള്ള ഡോക്ടര്‍മാരും മറ്റും ഉപയോഗിക്കുന്ന സുരക്ഷാ (പി.പി.ഇ.) കിറ്റിന് 600 മുതല്‍ 1000 രൂപവരെയാണ് വില. നാലു മണിക്കൂര്‍ ഇടവേളയില്‍ ഈ സുരക്ഷാവസ്ത്രങ്ങള്‍ ഊരി മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് നശിപ്പിച്ചുകളയണം. രോഗികളുടെയും ജീവനക്കാരുടെയും എണ്ണമനുസരിച്ച് 200 കിറ്റെങ്കിലും ഐ.സി.യു.വില്‍ വേണ്ടിവരുമെന്നാണ് കണക്ക്.

