തിരുവനന്തപുരം ഏപ്രിൽ 2: കൊറോണ പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം നിയന്ത്രിക്കേണ്ടി വന്നേക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. തെലുങ്കാന, ആന്ധ്ര, രാജസ്ഥാൻ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണെന്നും സ്ഥിതിഗതികൾ ഇന്നത്തേതുപോലെ തുടർന്നാൽ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിനു കേരള സർക്കാരും നിർബന്ധിതമാകുമെന്നുമാണ് തോമസ് ഐസക് സൂചിപ്പിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. സാലറി ചലഞ്ചിന് ആരേയും നിർബന്ധിക്കുകയില്ലെന്നും നല്ല മനസ്സുള്ളവർ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താൽ മതിയെന്നും മന്ത്രിയുടെ കുറിപ്പിൽ പറയുന്നു.
എന്നാൽ ഇക്കാര്യത്തെക്കുറിച്ച് സർക്കാർ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നും വരുമാന മാർഗങ്ങൾ ഇല്ലാതായ സാഹചര്യത്തിൽ ഇക്കാര്യം പരിഗണിക്കുന്നുണ്ടെന്നുമായിരുന്നു പിന്നീട് മന്ത്രി പ്രതികരിച്ചത്.