ശ്രീനഗര്‍ ആഗസ്റ്റ് 20: ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയത് സംബന്ധിച്ച് കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പലയിടത്തും സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം ശക്തമാക്കി.
വലിയ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും 16-ാമത്തെ ദിവസവും മൊബൈല്‍ ഇന്‍റര്‍നെറ്റ് സര്‍വ്വീസുകള്‍ താത്കാലികമായി റദ്ദുചെയ്തു. സംസ്ഥാന പോലീസും സൈനികരും ജോലിയില്‍ തുടരുകയാണ്.
ചില സ്ഥലങ്ങളില്‍ പാല്‍, പച്ചക്കറികള്‍, മരുന്നുകള്‍ എന്നിവയ്ക്ക് ദൗര്‍ലഭ്യം നേരിടുന്നുവെന്ന് ആളുകള്‍ ആരോപിക്കുന്നുണ്ട്. പാല്‍, പച്ചക്കറിക്കള്‍ വില്‍ക്കുന്നവര്‍ക്ക് നിയന്ത്രണം കാരണം ഈ സ്ഥലങ്ങളിലേക്ക് കടക്കാനാകുന്നില്ല.
സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചെങ്കിലും ഭൂരിഭാഗം കുട്ടികളും വന്നില്ല. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം, വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തത് കാരണം ആരെയും ബന്ധപ്പെടാനും കഴിയില്ല. ഇതുകൊണ്ടൊക്കെ തന്നെ കുട്ടികളെ സ്കൂളില്‍ അയക്കാന്‍ മാതാപിതാക്കള്‍ക്ക് ഭയമാണ്.
ബാങ്കുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥിതിയില്‍ മാറ്റമില്ലെങ്കിലും ഉദ്യോഗസ്ഥര്‍ വരുന്നുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നായി പരിശോനകളില്‍ 24 ഓളം യുവാക്കളെ അറസ്റ്റ് ചെയ്തു.