കോപ്പന്‍ഹേഗന്‍ ജൂലൈ 16: വിപണിയില്‍ ലഭിക്കുന്ന ബേബി ഫുഡില്‍ മധുരത്തിന്റെ അളവ് കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഉത്കണ്ഠയുണ്ടെന്നും സംഘടന. 2017 നവംബറിനും 2018 ജനുവരിയ്ക്കും ഇടയിലായി 8000ത്തോളം ബേബി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്നാണ് സംഘടനയുടെ യൂറോപ്യന്‍ ഓഫീസ് നടത്തിയ പരിശോധനയില്‍ അറിഞ്ഞത്. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് കൂടുന്നത് മൂലം അമിതഭാരം, പല്ലിന് പ്രശ്നങ്ങള്‍ ഒക്കെ സംഭവിക്കാമെന്നാണ് സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഭക്ഷണപദാര്‍ത്ഥത്തില്‍ ചേര്‍ത്തിരിക്കുന്ന മറ്റ് രാസപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ അളവ് കൂടുതലാണെന്നും അത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആസ്ത്രേലിയ, ഇസ്രായേല്‍, ഹംഗറി, ബള്‍ഗേറിയ എന്നിവിടങ്ങളിലെ ഏകദേശം 500 ഓളം വിപണനശാലകളാണ് പരിശോധിച്ചത്.
കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ ആറുമാസം മുലപ്പാല്‍ നല്‍കുന്നതാണ് ഉത്തമമെന്നും സംഘടന നിര്‍ദ്ദേശിച്ചു. ആറുമാസത്തിനും രണ്ട് വയസ്സിനും ഇടയിലുള്ള കുഞ്ഞുങ്ങള്‍ക്ക് വീട്ടിലുണ്ടാക്കിയ ആഹാരം നല്‍കുന്നതാണ് നല്ലതെന്നും സംഘടന.

