തൃശ്ശൂര്‍: കേരള നിഴല്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനം ജനശ്രദ്ധ നേടുന്നു. യൂറോപ്യന്‍ ജനാധിപത്യ രാജ്യങ്ങളില്‍ പ്രതിപക്ഷ കക്ഷികളെക്കാള്‍ പ്രസക്തമായ നിഴല്‍ മന്ത്രിസഭയെന്ന സംവിധാനത്തിന്റെ ചുവട് പിടിച്ച് രൂപീകരിച്ചിട്ടുള്ള കേരള നിഴല്‍ മന്ത്രിസഭ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ചലനം സൃഷ്ടിക്കുകയാണ്.
ഭരണപക്ഷത്തെ നിരീക്ഷിക്കാനും വിലയിരുത്താനും പ്രതിപക്ഷമെന്ന പാര്‍ലമെന്ററി സംവിധാനത്തിനു പുറമെ ഭരണ-പ്രതിപക്ഷങ്ങളെ ആകെ വിലയിരുത്തുവാന്‍ ജനങ്ങളുടെ പക്ഷത്തു നിന്ന് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് നിഴല്‍ മന്ത്രിസഭ. ലോകത്ത് 24 രാജ്യങ്ങളില്‍ നിഴല്‍ മന്ത്രിസഭകളും പാര്‍ലമെന്റും പ്രവര്‍ത്തിക്കുന്നുണ്ട്. നിഴല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അതാത് വകുപ്പുമന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളേയും നടപടികളേയും നിഴല്‍പോലെ പിന്തുടരുകയും വിലയിരുത്തലുകള്‍ മന്ത്രിമാര്‍ക്കും ജനങ്ങള്‍ക്കും എത്തിക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് നിഴല്‍ മന്ത്രിസഭ ആരംഭിക്കുന്നത്. ഒന്നാം വാര്‍ഷിക പരിപാടികള്‍ തൃശ്ശൂര്‍ സാഹിത്യ അക്കാഡമി ഹാളില്‍ കഴിഞ്ഞ ദിവസം നടന്നു. കേരള ഹൈക്കോടതി ജസ്റ്റിസ് എന്‍. നാഗരേഷ് ആയിരുന്നു ഉദ്ഘാടകന്‍. നിഴല്‍ മുഖ്യമന്ത്രി അഡ്വ. ആശ ഉണ്ണിത്താന്‍ അദ്ധ്യക്ഷയായിരുന്നു.



നിഴല്‍ മന്ത്രിമാരായ, ജയശ്രീ ചാത്തനാത്ത് (റവന്യൂ), അനില്‍ ഇ.പി. (ധനകാര്യം), പ്രൊഫ. വിന്സെന്റ് മാളിയേക്കല്‍ (എക്‌സൈസ്), പി.ടി. ജോണ്‍ (കൃഷി), അഡ്വ. ഷൈജന്‍ ജോസഫ് (തദ്ദേശ സ്വയംഭരണം), അഡ്വ. സ്മൃതി ശശിധരന്‍ (ഗതാഗതം), ജെസ്സി ടി.വി. (പൊതുമരാമത്ത്), അതിഥി അച്ചുത് (വൈദ്യുതി), അനില്‍ ജോസ് (വിദ്യാഭ്യാസം) എന്നിവര്‍ കേരള സര്‍ക്കാരിന്റെ അതതു വകുപ്പിന്റെ 3 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. തൃശൂര്‍ മുന്‍ മേയര്‍ കെ. രാധാകൃഷ്ണന്‍, വാര്‍ഷികാഘോഷ പരിപാടി ചെയര്‍മാന്‍ അഡ്വ. ടി. ഗോപകുമാര്‍, അഡ്വ. ജോണ്‍ ജോസഫ് അഡ്വ. ജേക്കബ് പുതുശ്ശേരി, കെ. ബിജു എന്നിവര്‍ പ്രസംഗിച്ചു.
ഔദ്യോഗിക മന്ത്രിസഭയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും, സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും, ലക്ഷ്യമിട്ട് രൂപപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് നിഴല്‍ മന്ത്രിസഭ (shadow cabinet). 1905 ല്‍ ഇംഗ്ലണ്ടിലാണ് അദ്യമായി നിഴല്‍ മന്ത്രിസഭ രൂപീകരിക്കപ്പെട്ടത്. ഇപ്പോള്‍ 23 ഓളം രാജ്യങ്ങളില്‍, നിഴല്‍ മന്ത്രിസഭ നിലവിലുണ്ട്. സര്‍ക്കാരിലെ പ്രതിപക്ഷമാണ്, നിഴല്‍ മന്ത്രിസഭ രൂപീകരിച്ചു പ്രവര്‍ത്തിപ്പിക്കുന്നത്. ടോണി ബ്ലയര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആകുന്നതിനു മുന്‍പ്, ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രതിപക്ഷം രൂപീകരിച്ച നിഴല്‍ മന്ത്രിസഭയിലെ നിഴല്‍ പ്രധാനമന്ത്രി ആയിരുന്നു.














ഇന്ത്യയില്‍ ലോക്‌സഭയിലോ, സംസ്ഥാന നിയമസഭകളിലോ, പ്രതിപക്ഷം നിഴല്‍ മന്ത്രിസഭ രൂപീകരിച്ചിട്ടില്ല. ചില പരീക്ഷണങ്ങള്‍ മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, ഡല്‍ഹി എന്നിവടങ്ങളില്‍ നടന്നിട്ടുണ്ടെങ്കിലും, അവയൊന്നും നീണ്ടുനില്‍ക്കുക ഉണ്ടായില്ല.കേരളത്തില്‍ നിഴല്‍ മന്ത്രിസഭയ്ക്ക് രൂപം നല്‍കിയിട്ടുള്ളത് ഏതാനും സന്നദ്ധസംഘടനകളുടെ പൊതുവേദി ആണ്. വോട്ടര്‍മാരുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കി, ജനാധിപത്യം മൂല്യങ്ങളിലും തത്ത്വങ്ങളിലും അധിഷ്ഠിതമാക്കാനായി പരിശ്രമിക്കുന്ന വോട്ടേഴ്‌സ് അലയന്‍സ്, മൂഴിക്കുളം ശാല, എറണാകുളം ഗാന്ധി പീസ് ഫൗണ്ടേഷന്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധിയന്‍ കൂട്ടായ്മ, മനുഷ്യരുടെ അടിസ്ഥാന ആവശ്യമായ ലൈംഗീകതയില്‍ ഗവേഷണം നടത്തുന്ന Human Wellness Study Center എന്നീ സംഘടനകള്‍ ഒരു പൊതുവേദി ഉണ്ടാക്കി 2017 നവംബര്‍ മുതല്‍ നടത്തിയ മുപ്പതോളം ശില്‍പ്പശാലകളെയും, ഒരുക്കങ്ങളെയും തുടര്‍ന്ന് 2018 ഏപ്രില്‍ 28 നാണ് കേരള നിഴല്‍ മന്ത്രിസഭ രൂപം കൊണ്ടത്. ഭരണഘടനാ ശില്‍പ്പി ഭാരതരത്‌ന ഡോ. ബി. ആര്‍. അംബേദ്ക്കറുടെ പൗത്രന്‍ അഡ്വ. പ്രകാശ് അംബേദ്ക്കര്‍ ഏപ്രില്‍ 28 നു എറണാകുളത്ത്, ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്കില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ വച്ച് ആണ് സത്യപ്രതിജ്ഞ എടുപ്പിച്ചത്. ഓദ്യോഗിക മന്ത്രിസഭയിലെ 19 മന്ത്രിമാരില്‍ ഓരോരുത്തര്‍ക്കും, ഓരോ നിഴല്‍ മന്ത്രി എന്ന നിലയില്‍ 19 നിഴല്‍ മന്ത്രിമാരുമായാണ്, പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ ഓദ്യോഗിക മന്ത്രിസഭയിലെ 20 മന്ത്രിമാര്‍ക്കും, നിഴല്‍ മന്ത്രിസഭയില്‍ നിഴല്‍ മന്ത്രിമാരുണ്ട്.









സ്ത്രീകള്‍ക്ക് തുല്ല്യ രാഷ്ട്രീയനീതി, നിയമനിര്‍മ്മാണ സഭകളില്‍ തുല്യപ്രാതിനിത്യം എന്ന തത്വങ്ങള്‍ സ്വീകരിച്ചു കൊണ്ടാണ് നിഴല്‍ മന്ത്രിസഭയ്ക്ക് രൂപം നല്‍കിയത്. കേരളത്തിലെ ജനസംഖ്യയില്‍ 50 ശതമാനത്തിലേറെയുള്ള സ്ത്രീകളെ പ്രതിനിധീകരിച്ചു, പകുതി മന്ത്രിമാര്‍ നിഴല്‍ മന്ത്രിസഭയില്‍ സ്ത്രീകളാണെന്നതു മാത്രമല്ല, മുഖ്യമന്ത്രിയും വനിതയാണ്. കൂടാതെ ഭിന്നശേഷി, ട്രാന്‍സ് വിഭാഗങ്ങളെ പ്രതിനിധീകരിച്ചു മന്ത്രിസഭയില്‍ നിഴല്‍ മന്ത്രിമാരുണ്ട്.
ഓദ്യോഗിക മന്ത്രിസഭയുടെ തീരുമാനങ്ങളും നയങ്ങളും, ഓരോ മന്ത്രിയുടെയും, മന്ത്രി നേതൃത്വം നല്‍കുന്ന വകുപ്പുകളുടെയും, പ്രവര്‍ത്തനങ്ങളും നയങ്ങളും, നിഴല്‍ മന്ത്രിസഭാ വിലയിരുത്തുകയും, ഗുണദോഷ വിവേചനം നടത്തുകയും ചെയ്യുന്നു. ജനോപകാരപ്രദമായ നയങ്ങള്‍, തീരുമാനങ്ങള്‍, നടപടികള്‍ എന്നിവയെ സ്വാഗതം ചെയ്യുന്നു. ജനങ്ങളുടെ താല്‍പര്യത്തിനു വിരുദ്ധമായ നയങ്ങളെയും, തീരുമാനങ്ങളെയും നടപടികളെയും, ചൂണ്ടിക്കാണിക്കുന്നു. നിഴല്‍ മന്ത്രിസഭയുടെ നിരീക്ഷണങ്ങളെ ജനങ്ങളുമായി പങ്കുവെക്കുകയും ചെയ്യുന്നു. ജനങ്ങളില്‍ നിന്നും വിദഗ്ധരില്‍ നിന്നും ബദല്‍ നിര്‍ദ്ദേശങ്ങള്‍ ശേഖരിച്ചു ചര്‍ച്ച ആക്കാറുമുണ്ട്. 2018 ജൂലൈ മാസത്തില്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച ഒരു പൊതുസമ്മേളനത്തില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഡ്വ. പ്രശാന്ത് ഭൂഷന്റെ സാന്നിധ്യത്തില്‍ നിഴല്‍ മന്ത്രിസഭ വിലയിരുത്തിയിരുന്നു. ജൂണ്‍ 30നു ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ കേരള സര്‍ക്കാരിന്റെ 3 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ നിഴല്‍ മുഖ്യമന്ത്രിയും, നിഴല്‍ മന്ത്രിമാരും വിലയിരുത്തുന്നതിന് പുറമേ, ഒരു റഫറന്‍സ് കൈപ്പുസ്തകവും, പ്രകാശനം ചെയ്തു.

നിഴല്‍മന്ത്രിസഭയുടെ വിപുലീകരണം ഉടനെ ഉണ്ടാവുമെന്ന് അഡ്വ. ജോസഫ് പറഞ്ഞു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നിഴല്‍ എം എല്‍ എമാരേയും കണ്ടെത്തി നിയമിക്കും. ഇതേ മാതൃകയില്‍ നിഴല്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ ഭരണസമിതികള്‍ക്കും രൂപം നല്‍കുന്നതോടെ കേരളത്തിന്റെ ജനാധിപത്യത്തിനും ഭരണ സുതാര്യതയ്ക്കും വമ്പിച്ച വികാസമായിരിക്കും ഉണ്ടാവുക എന്ന് അദ്ദേഹം പറഞ്ഞു.
