ന്യൂഡൽഹി / 2026 / ഒക്ടോബർ 22
കൃഷിയും പുനരുപയോഗ ഊർജവും ഒരേ ഭൂമിയിൽ സംയോജിപ്പിക്കുന്ന അഗ്രിവോൾട്ടായിക്സ് സാങ്കേതികവിദ്യയുടെ ഏഴാമത് ലോകസമ്മേളനത്തിന് ഒക്ടോബർ 21ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമായി. മൂന്നുദിവസത്തെ സമ്മേളനത്തിന് കേന്ദ്ര നവീന പുനരുപയോഗ ഊർജ മന്ത്രാലയമാണ് ആതിഥ്യമരുളുന്നത്. ജർമനിയുടെ പരിസ്ഥിതി, കാലാവസ്ഥാ പ്രവർത്തനം, പ്രകൃതിസംരക്ഷണം, ആണവസുരക്ഷ എന്നിവയുടെ ചുമതലയുള്ള ഫെഡറൽ മന്ത്രാലയത്തിന്റെ പിന്തുണയോടെയും കോണെക്സിയോ പി.എസ്.ഇയുടെ പങ്കാളിത്തത്തോടെയുമാണ് സംഘാടനം. വികസ്വര രാജ്യങ്ങൾ ഉൾപ്പെടുന്ന ആഗോള ദക്ഷിണ മേഖലയിൽ ആദ്യമായാണ് ഈ സമ്മേളനം നടക്കുന്നത്. ആഗോള ദക്ഷിണ മേഖലയ്ക്ക് ഊർജം പകരുക എന്നതാണ് പ്രമേയം. ഭക്ഷ്യസുരക്ഷയും ഊർജസ്വയംപര്യാപ്തതയും സുസ്ഥിര വികസനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ സമ്മേളനം സുപ്രധാന ചുവടുവെപ്പാണ്.
അന്നദാതാക്കളെ ഊർജദാതാക്കളാക്കാൻ ആഹ്വാനം
വൈദ്യുതിയിൽനിന്ന് ശാക്തീകരണത്തിലേക്ക് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടാണ് സമ്മേളനം മുന്നോട്ടുവെക്കുന്നത്. ഇന്ത്യയുടെ ശുദ്ധ ഊർജത്തിലേക്കുള്ള മാറ്റം കാർഷികരംഗത്തെ തന്നെ പുനർനിർവചിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭക്ഷ്യവിളകൾ ഉൽപ്പാദിപ്പിക്കുന്ന അന്നദാതാക്കളെന്ന നിലയിൽനിന്ന് ശുദ്ധ ഊർജം ഉൽപ്പാദിപ്പിക്കുന്ന ഊർജദാതാക്കളായി കർഷകർ മാറുകയാണ്. ഗ്രാമീണ സംരംഭങ്ങൾ വിപുലീകരിക്കാനും ധനസഹായ മാതൃകകൾ മെച്ചപ്പെടുത്താനും ദീർഘകാല സാമ്പത്തിക കരുത്തുണ്ടാക്കാനും ഈ മാറ്റം പുതിയ അവസരങ്ങൾ തുറന്നിട്ടുണ്ട്. കർഷകരുടെ വരുമാനം പലമടങ്ങ് വർധിപ്പിക്കുന്നതിനൊപ്പം ശുദ്ധ ഊർജത്തിലേക്കുള്ള മാറ്റത്തിന് വേഗം കൂട്ടുന്ന, കൃത്യതയാർന്ന അഗ്രിവോൾട്ടായിക്സ് സംവിധാനങ്ങൾ വ്യാപിപ്പിക്കണം. ഇതിനായി അന്താരാഷ്ട്ര പങ്കാളികളും ശാസ്ത്രജ്ഞരും വ്യവസായ പ്രമുഖരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
മന്ത്രിമാരും വിദഗ്ധരും പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങ്
വിശിഷ്ടാതിഥികളെ സ്വീകരിച്ചും നിലവിളക്ക് തെളിച്ചുമാണ് ആദ്യദിനത്തിലെ ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചത്. കേന്ദ്ര നവീന പുനരുപയോഗ ഊർജ മന്ത്രാലയ സെക്രട്ടറി സന്തോഷ് കെ. സാരംഗി സ്വാഗതവും പ്രാരംഭ പ്രസംഗവും നടത്തി. മൂന്നുദിവസത്തെ സമ്മേളനത്തിന്റെ പശ്ചാത്തലവും ആഗോള ദക്ഷിണ മേഖലയ്ക്ക് ഊർജം പകരുകയെന്ന ലക്ഷ്യവും വിശദീകരിക്കുന്ന വീഡിയോയും പ്രദർശിപ്പിച്ചു. കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാനും നവീന പുനരുപയോഗ ഊർജം, വിദ്യാഭ്യാസം, ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം എന്നീ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും പ്രസംഗിച്ചു. ജർമൻ പരിസ്ഥിതി, കാലാവസ്ഥാ പ്രവർത്തനം, പ്രകൃതിസംരക്ഷണം, ആണവസുരക്ഷാ മന്ത്രി കാർസ്റ്റൻ ഷ്നൈഡറുടെ വീഡിയോ സന്ദേശവും അവതരിപ്പിച്ചു. ഇന്ത്യയിലെയും ഭൂട്ടാനിലെയും ജർമൻ അംബാസഡർ ഡോ. ജാസ്പർ വീക്ക് പ്രത്യേക സമാപന പരാമർശങ്ങൾ നടത്തി. കേന്ദ്ര നവീന പുനരുപയോഗ ഊർജ, വൈദ്യുതി സഹമന്ത്രി ശ്രീപദ് യെസ്സോ നായിക്കും പങ്കെടുത്തു.
മൂന്ന് പഠനസഹായികൾ; 1,200ലധികം പ്രതിനിധികൾ
ചടങ്ങിൽ മൂന്ന് വിജ്ഞാനസഹായികൾ പുറത്തിറക്കി. ഇന്ത്യ അഗ്രിവോൾട്ടായിക്സ് അലയൻസ് വികസിപ്പിച്ച തീരുമാനമെടുക്കൽ സഹായ സംവിധാനം, അന്താരാഷ്ട്ര ജലപരിപാലന ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഗവേഷണസംഗ്രഹങ്ങളുടെ സമാഹാരം, കേന്ദ്ര നവീന പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ അഗ്രി പി.വി. നയകൈപ്പുസ്തകം എന്നിവയാണിവ. 150ലധികം വിദേശ പങ്കാളികൾ ഉൾപ്പെടെ 1,200ലധികം പ്രതിനിധികളാണ് സമ്മേളനത്തിലുള്ളത്. അന്താരാഷ്ട്ര വിദഗ്ധർ, നയരൂപകർത്താക്കൾ, ഗവേഷകർ, വ്യവസായ പ്രമുഖർ, നവീകരണ പ്രവർത്തകർ, സ്റ്റാർട്ടപ്പുകൾ, വികസന പങ്കാളികൾ എന്നിവർ പങ്കെടുക്കുന്നു. അറിവ് കൈമാറാനും സാങ്കേതിക സഹകരണം വളർത്താനും വികസ്വര രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കാനും സമ്മേളനം വേദിയാകുന്നു. ഊർജസ്വയംപര്യാപ്തതയും കാർഷികസുരക്ഷയും ഒരുമിപ്പിക്കുന്ന ഏകോപിത ഭരണസമീപനത്തെയാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്. ശാസ്ത്രം, നയം, നവീകരണം എന്നിവയെ ബന്ധിപ്പിക്കുന്ന പരിപാടിയിൽ ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള പ്രത്യേക ചർച്ചാവിഭാഗവും സമാന്തരമായി രണ്ട് ശാസ്ത്രീയ ചർച്ചാവിഭാഗങ്ങളുമുണ്ട്. നവീകരണം, സംസ്ഥാനങ്ങളുടെ നേതൃത്വം, വിളകളുടെ ഉൽപ്പാദനക്ഷമത, നയചട്ടക്കൂടുകൾ, ധനസഹായ മാതൃകകൾ, സാങ്കേതികവിദ്യയുടെ പ്രയോഗം, കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിക്കാനുള്ള ശേഷി, കർഷകകേന്ദ്രിത വ്യവസായ മാതൃകകൾ എന്നിവ ചർച്ച ചെയ്യും.
ഒരേ ഭൂമിയിൽ ഭക്ഷ്യവിളയും ശുദ്ധ ഊർജവും
സ്റ്റാർട്ടപ്പുകൾക്കും നവീകരണങ്ങൾക്കുമായി ഒരുക്കിയ പ്രത്യേക വേദിയിൽ ആശയങ്ങൾ അവതരിപ്പിക്കാനും സംവദിക്കാനുമുള്ള അഗ്രിവോൾട്ടായിക്സ് പിച്ച് ഹബ്ബുമുണ്ട്. പുതുതലമുറ സാങ്കേതിക പരിഹാരങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു. ശുദ്ധ സാങ്കേതികവിദ്യാ രംഗത്തെ നവീകരണ പ്രവർത്തകർ, സ്റ്റാർട്ടപ്പുകൾ, സാഹസിക മൂലധന നിക്ഷേപകർ, ആഗോള വ്യവസായ പ്രമുഖർ എന്നിവരെ ഇത് ബന്ധിപ്പിക്കുന്നു. ഒരേ ഭൂമി ഭക്ഷ്യവിളകൾക്കും ശുദ്ധ ഊർജ ഉൽപ്പാദനത്തിനും ഉപയോഗിക്കുന്നത് ഗ്രാമങ്ങളിൽ മതിയായ തൊഴിൽ ലഭിക്കാത്ത സാഹചര്യം കുറയ്ക്കാനും പ്രാദേശിക സംരംഭങ്ങൾ വളർത്താനും കർഷകരുടെ വരുമാനം ഉയർത്താനും അവസരമൊരുക്കുന്നു. വിളകൾക്കു ചുറ്റുമുള്ള സൂക്ഷ്മകാലാവസ്ഥ സംരക്ഷിക്കാനും വർധിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടയിൽ സുസ്ഥിര ഉപജീവനം ഉറപ്പാക്കാനും ഈ രീതി സഹായിക്കും. കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിക്കുന്ന കൃഷിക്കും ഗ്രാമീണ ഇന്ത്യയിലെ സുസ്ഥിര ഉപജീവനത്തിനും അഗ്രിവോൾട്ടായിക്സ് നൽകുന്ന സംഭാവന പ്രതിനിധികൾ എടുത്തുപറഞ്ഞു. കൃഷിയുടെ ഭാവി ശുദ്ധ ഊർജവും ഡിജിറ്റൽ സാങ്കേതികവിദ്യയും ഒന്നിക്കുന്നിടത്താണെന്ന് സമ്മേളന നടപടികൾ അടിവരയിട്ടു. സൗരോർജം, കൃത്യതാ കൃഷി, കാര്യക്ഷമമായ ജലസേചനം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, പുതുമയുള്ള വ്യവസായ മാതൃകകൾ എന്നിവ സംയോജിപ്പിച്ച് പരമ്പരാഗത കൃഷിയിൽനിന്ന് സാങ്കേതികവിദ്യാധിഷ്ഠിത കൃഷിയിലേക്കുള്ള വലിയ മാറ്റമാണ് അഗ്രിവോൾട്ടായിക്സ് മുന്നോട്ടുവെക്കുന്നത്. അന്താരാഷ്ട്ര സഹകരണത്തിന് സമ്മേളനം വേഗം കൂട്ടുമെന്നാണ് പ്രതീക്ഷ. ആഗോള ഭക്ഷ്യ, ഊർജ സംവിധാനങ്ങൾക്ക് പ്രതിസന്ധികളെ അതിജീവിക്കുന്ന സുസ്ഥിര ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ മുൻനിര പങ്കും ഇത് ശക്തിപ്പെടുത്തും.