ന്യൂഡൽഹി / 2026 / സെപ്റ്റംബർ 04
കേന്ദ്ര ഘനവ്യവസായ ( Heavy Industries) മന്ത്രാലയം ഓഗസ്റ്റ് 16 മുതൽ 31 വരെ സ്വച്ഛത പഖ്വാഡ 2026 സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് രണ്ടാഴ്ച നീണ്ട പരിപാടി നടന്നത്. ശുചിത്വം, ആരോഗ്യകരമായ പരിസരം, സുസ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. മന്ത്രാലയ സെക്രട്ടറി കമ്രാൻ റിസ്വിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ശുചിത്വ പ്രതിജ്ഞയെടുത്തു. മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണം, മാലിന്യ സംസ്കരണം, വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
ശുചിത്വ പ്രതിജ്ഞയോടെ തുടക്കം
ഓഗസ്റ്റ് 16നാണ് ഘനവ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്ത പ്രതിജ്ഞാ ചടങ്ങോടെ പരിപാടിക്ക് തുടക്കമായത്. മന്ത്രാലയ സെക്രട്ടറി കമ്രാൻ റിസ്വി ഉദ്യോഗസ്ഥർക്ക് സ്വച്ഛത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോലിസ്ഥലങ്ങളിലും സമൂഹത്തിലും ശുചിത്വം നിലനിർത്താനുള്ള കൂട്ടായ ഉത്തരവാദിത്തം ഇതിലൂടെ വീണ്ടും ഉറപ്പിച്ചു.
മന്ത്രാലയ ജോയിന്റ് സെക്രട്ടറി വിജയ് മിത്തൽ ശുചീകരണ, സഹായ ജീവനക്കാരെ ആദരിച്ചു. വൃത്തിയും ശുചിത്വവും നിലനിർത്തുന്നതിൽ അവർ നൽകുന്ന സേവനം പരിഗണിച്ചാണ് ആദരിച്ചത്. അവരുടെ പ്രവർത്തനത്തെ അംഗീകരിച്ച് അഭിനന്ദന സമ്മാനങ്ങളും നൽകി. ശുചിത്വമുള്ള തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സഹായ ജീവനക്കാരുടെ പങ്ക് പ്രധാനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഓഫീസുകളിൽ ശുചീകരണവും ഉപയോഗശൂന്യ വസ്തുക്കൾ നീക്കലും
രണ്ടാഴ്ച നീണ്ട പരിപാടിക്കിടെ ജിപിഒഎ-3യിലെ എല്ലാ മുറികളും പടിക്കെട്ടുകളും ഇടനാഴികളും പൊതുസ്ഥലങ്ങളും ശുചീകരിച്ചു. ഉപയോഗശൂന്യമായ ഫർണിച്ചർ, കംപ്യൂട്ടറുകൾ, പ്രിന്ററുകൾ എന്നിവയും മറ്റ് പഴയ സാധനങ്ങളും നീക്കി ജോലിസ്ഥലം വൃത്തിയാക്കി.
സ്വച്ഛ് ഭാരത് അഭിയാൻ എന്ന വിഷയത്തിൽ ഓഗസ്റ്റ് 21ന് ഉപന്യാസ രചനാ മത്സരവും സംഘടിപ്പിച്ചു. വൃത്തിയുള്ളതും ആരോഗ്യകരവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷത്തിന്റെ ആവശ്യകത ജീവനക്കാരിലേക്ക് എത്തിക്കാനും ശുചിത്വത്തിൽ കൂട്ടായ ഉത്തരവാദിത്തം വളർത്താനുമായിരുന്നു മത്സരം.
ഭെല്ലിന്റെ പ്രവർത്തനം ഓഫീസുകൾക്കപ്പുറത്തേക്കും
ഭാരവ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് വിവിധ നിർമാണ യൂണിറ്റുകളിലും ഓഫീസുകളിലും പദ്ധതി കേന്ദ്രങ്ങളിലും സ്വച്ഛത പഖ്വാഡ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണം, ജോലിസ്ഥല പരിപാലനം, മാലിന്യവും പഴയ ലോഹസാധനങ്ങളും വേർതിരിക്കൽ, അഴുക്കുചാലുകൾ വൃത്തിയാക്കൽ, പൊതുസ്ഥല ശുചീകരണം എന്നിവ നടന്നു.
മഴവെള്ള സംഭരണ സംവിധാനങ്ങൾ വൃത്തിയാക്കി വീണ്ടും പ്രവർത്തനക്ഷമമാക്കി. മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, വ്യാവസായിക മാലിന്യജല ശുദ്ധീകരണ സംവിധാനങ്ങൾ, മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ, ജൈവചികിത്സാ മാലിന്യ മേഖലകൾ, സംഭരണ സംവിധാനങ്ങൾ എന്നിവയുടെ ആഭ്യന്തര പരിശോധനയും നടത്തി.
തിരുച്ചിറപ്പള്ളിയിൽ ബസ് സ്റ്റോപ്പുകൾ വൃത്തിയാക്കി. ചെന്നൈയിലെ പാലവാക്കം കടൽത്തീരത്ത് ശുചീകരണം നടത്തി. ഹൈദരാബാദിൽ റെയിൽവേ പാതയും വൃത്തിയാക്കി. ക്ലീനത്തോൺ, സമ്മാന വിതരണം, ശുചീകരണ-ഹൗസ്കീപ്പിങ് ജീവനക്കാരെ ആദരിക്കൽ എന്നിവയോടെയാണ് ഭെല്ലിലെ പരിപാടികൾ അവസാനിച്ചത്.
മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളും പങ്കെടുത്തു
മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളും പരിപാടിയിൽ പങ്കെടുത്തു. മനേസറിലെ ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജി ജോലിസ്ഥലത്തും പുറത്തും ശുചീകരണം നടത്തി. മാലിന്യം വേർതിരിക്കൽ, ഇ-മാലിന്യം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുറയ്ക്കൽ എന്നിവയിൽ ബോധവത്കരണവും സ്വച്ഛത ക്വിസും സംഘടിപ്പിച്ചു.
നെപ ലിമിറ്റഡ് ശുചീകരണം, വൃക്ഷത്തൈ നടൽ, ശുചിത്വ പരിശോധന, ഹൗസ്കീപ്പിങ് മത്സരങ്ങൾ എന്നിവ നടത്തി. ബ്രിഡ്ജ് ആൻഡ് റൂഫ് കമ്പനി ഇന്ത്യ ലിമിറ്റഡ് ഓഫീസുകളിലും പദ്ധതി കേന്ദ്രങ്ങളിലും ശുചീകരണം നടത്തി. വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, ഇ-മാലിന്യവും പഴയ വസ്തുക്കളും നീക്കം ചെയ്യൽ, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയും നടന്നു.
ഹിന്ദുസ്ഥാൻ സാൾട്ട്സ് ലിമിറ്റഡ് ജോലിസ്ഥല ശുചിത്വം, മാലിന്യ സംസ്കരണം, വൃക്ഷത്തൈ നടൽ, അഗ്നിസുരക്ഷ, ഡിജിറ്റൽ ശുചിത്വം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് ബോധവത്കരണ റാലികൾ, ചിത്രരചനാ മത്സരങ്ങൾ, ശുചീകരണം, ശുചിത്വ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു.
എച്ച്എംടി ലിമിറ്റഡ് ശുചീകരണവും സൗന്ദര്യവത്കരണവും നടത്തി. മാലിന്യം വേർതിരിക്കൽ, ഇ-മാലിന്യ സംസ്കരണം, വൃക്ഷത്തൈ നടൽ, ബോധവത്കരണം എന്നിവയും സംഘടിപ്പിച്ചു. നാഷണൽ ഓട്ടോമോട്ടീവ് ബോർഡ് പ്രതിജ്ഞാ ചടങ്ങുകൾ, ബോധവത്കരണ പരിപാടികൾ, മത്സരങ്ങൾ, ശുചീകരണം എന്നിവ നടത്തി. സ്കൂൾ വിദ്യാർത്ഥികൾക്കായി ശുചിത്വം, ആരോഗ്യം, പരിസ്ഥിതി ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.
വികസിത ഭാരത് 2047 ലക്ഷ്യവുമായി പ്രവർത്തനങ്ങൾ ബന്ധിപ്പിച്ചു
സ്വച്ഛത പഖ്വാഡ വിജയകരമായി സംഘടിപ്പിച്ചതിലൂടെ സ്വച്ഛ് ഭാരത് ദൗത്യത്തോടും വികസിത ഭാരത് 2047 എന്ന ലക്ഷ്യത്തോടുമുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചതായി ഭാരവ്യവസായ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിലെയും അതിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ശുചിത്വം, സുസ്ഥിരത, കൂട്ടായ ഉത്തരവാദിത്തം എന്നിവ പ്രോത്സാഹിപ്പിച്ചുവെന്നും വ്യക്തമാക്കി.
വൃത്തിയുള്ളതും പച്ചപ്പുള്ളതും ആരോഗ്യകരവും കൂടുതൽ വികസിതവുമായ ഇന്ത്യ സൃഷ്ടിക്കാനും ഭാവിതലമുറകൾക്ക് സുസ്ഥിരമായ ഭാവി ഉറപ്പാക്കാനുമാണ് ഇത്തരം പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
.