ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 21
രാജ്യത്തെ ഗ്രാമീണ കുടിവെള്ള മേഖലയിലെ വിവരങ്ങൾ സുരക്ഷിതമായും ഏകോപിതമായും പങ്കിടുന്നതിനുള്ള പുതിയ നയം കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കി. സുജലം ഭാരത് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന് കീഴിലെ ഡാറ്റ പങ്കിടൽ, പരസ്പര പ്രവർത്തനക്ഷമത, ബന്ധപ്പെട്ട കക്ഷികൾക്കുള്ള പ്രവേശനം എന്നിവ സംബന്ധിച്ച നയമാണ് കുടിവെള്ള-ശുചിത്വ വകുപ്പ് പുറത്തിറക്കിയത്. സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ, അംഗീകൃത മേഖലാ പങ്കാളികൾ എന്നിവർക്കിടയിലെ ഗ്രാമീണ കുടിവെള്ള ഡാറ്റയുടെ പങ്കിടലും നിയന്ത്രണവും സുരക്ഷിതവും ഉത്തരവാദിത്തപരവുമാക്കുകയാണ് ലക്ഷ്യം.
കുടിവെള്ള സേവനത്തിന് പുതിയ ഡിജിറ്റൽ ചട്ടക്കൂട്
അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്ന് ഉറപ്പുള്ളതും ഉത്തരവാദിത്തമുള്ളതും സേവനകേന്ദ്രിതവുമായ കുടിവെള്ള വിതരണത്തിലേക്ക് രാജ്യത്തെ ഗ്രാമീണ കുടിവെള്ള മേഖലയെ മാറ്റുന്നതിലെ പ്രധാന ചുവടുവയ്പ്പായാണ് നയത്തെ കാണുന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ ജീവിതചക്ര പരിപാലനം, ജലസ്രോതസ്സുകളുടെ സുസ്ഥിരത, സേവന ഉറപ്പ്, പൗരകേന്ദ്രിത ഉത്തരവാദിത്തം, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള തീരുമാനമെടുക്കൽ എന്നിവയ്ക്ക് നയം സമഗ്ര ചട്ടക്കൂട് നൽകുന്നു.
സുജലം ഭാരത് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിലെ ഡാറ്റ പങ്കിടൽ, പരസ്പര പ്രവർത്തനക്ഷമത, ബന്ധപ്പെട്ട കക്ഷികൾക്കുള്ള പ്രവേശനം എന്നിവയ്ക്കുള്ള ഭരണതത്വങ്ങളും നയം നിശ്ചയിക്കുന്നു. പൊതുവായ തിരിച്ചറിയൽ സംവിധാനങ്ങൾ, ഏകീകൃത മെറ്റാഡാറ്റ, പരസ്പരം പ്രവർത്തിക്കാവുന്ന രജിസ്ട്രികൾ, സുരക്ഷിത ഡിജിറ്റൽ സേവനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കും. സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം, സ്വകാര്യത, സൈബർ സുരക്ഷ എന്നിവ സംരക്ഷിച്ചുകൊണ്ട് വിവരങ്ങൾ തടസ്സമില്ലാതെ കൈമാറാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പഞ്ചായത്തുകൾക്കും പൗരന്മാർക്കും കൂടുതൽ പങ്കാളിത്തം
കുടിവെള്ള-ശുചിത്വ വകുപ്പ്, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും, ഗ്രാമപഞ്ചായത്തുകൾ, സർക്കാർ സ്ഥാപനങ്ങൾ, അംഗീകൃത മേഖലാ പങ്കാളികൾ എന്നിവയ്ക്കിടയിൽ നിയന്ത്രിതവും പരസ്പര പ്രവർത്തനക്ഷമവുമായ ഡാറ്റ കൈമാറ്റം സാധ്യമാക്കുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. പഞ്ചായത്ത് കേന്ദ്രീകൃത ഭരണം, പൗരപങ്കാളിത്തം, പരാതിപരിഹാരം, ജനപങ്കാളിത്തത്തോടെയുള്ള ആസ്തി നിരീക്ഷണം, സേവന ഉത്തരവാദിത്തം എന്നിവയും ഇതിലൂടെ ശക്തിപ്പെടുത്തും.
നിർമിതബുദ്ധി മുതൽ ഡിജിറ്റൽ ട്വിൻ വരെ
അംഗീകരിച്ചതും പ്രത്യേക ആവശ്യങ്ങൾക്കായി അനുവദിച്ചതുമായ പ്രവേശന സംവിധാനങ്ങളിലൂടെ വിവിധ പങ്കാളികൾക്ക് പുതിയ പരിഹാരങ്ങൾ വികസിപ്പിക്കാം. പ്രവർത്തനവും പരിപാലനവും, ജലഗുണനിലവാര നിരീക്ഷണം, അടിസ്ഥാനസൗകര്യ പരിപാലനം, മുൻകൂട്ടിയുള്ള പരിപാലനം, ഭൂമിശാസ്ത്ര വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ആസൂത്രണം, ഡിജിറ്റൽ ട്വിൻ, നിർമിതബുദ്ധി അധിഷ്ഠിത വിശകലനം, തീരുമാന സഹായ സംവിധാനങ്ങൾ തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടും.
സ്വകാര്യതയ്ക്കും സൈബർ സുരക്ഷയ്ക്കും സംരക്ഷണം
ഡിജിറ്റൽ സംവിധാനങ്ങളിൽ വിശ്വാസം ഉറപ്പാക്കുന്നതിനായി സ്വകാര്യത, വ്യക്തിഗത ഡാറ്റ സംരക്ഷണം, സൈബർ സുരക്ഷ, ഡാറ്റയുടെ തരംതിരിക്കൽ, പ്രവേശന നിയന്ത്രണം, പൊതുതാൽപര്യ സംരക്ഷണം എന്നിവയ്ക്ക് ശക്തമായ വ്യവസ്ഥകളാണ് നയത്തിലുള്ളത്. വിവരങ്ങൾ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും നിർദിഷ്ട ആവശ്യങ്ങൾക്കായി മാത്രവും ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ വിവിധ തലങ്ങളിലുള്ള ഡാറ്റ പ്രവേശന സംവിധാനവും സ്വീകരിച്ചിട്ടുണ്ട്. അതേസമയം പ്രധാന അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും വ്യക്തിഗത ഡാറ്റയും സംരക്ഷിക്കും.
ദീർഘകാല ഡിജിറ്റൽ അടിസ്ഥാനസൗകര്യമായി സുജലം ഭാരത്
ഗ്രാമീണ ജലസേവനങ്ങളുടെ ഭരണത്തിനുള്ള ദീർഘകാല പൊതുഡിജിറ്റൽ അടിസ്ഥാനസൗകര്യമായാണ് സുജലം ഭാരതിനെ നയം മുന്നോട്ടുവയ്ക്കുന്നത്. സുതാര്യത, നവീകരണം, പ്രവർത്തനക്ഷമത, സുസ്ഥിര സേവന വിതരണം എന്നിവയ്ക്ക് ഇത് പിന്തുണ നൽകും. പുതിയ നയം പുറത്തിറക്കിയതോടെ ഗ്രാമീണ കുടിവെള്ള ഭരണത്തിന് വിശ്വസനീയമായ ഡിജിറ്റൽ അടിത്തറ ഒരുക്കുന്നതിനും രാജ്യത്തെ ഗ്രാമീണ സമൂഹങ്ങൾക്ക് വിശ്വസനീയവും സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ജലസേവനം ശക്തിപ്പെടുത്തുന്നതിനുമുള്ള നിർണായക ചുവടുവയ്പ്പാണ് വകുപ്പ് നടത്തിയിരിക്കുന്നത്.