തിരുവനന്തപുരം, 2026 ജൂൺ 15 –
തിരുവനന്തപുരം വിളപ്പിൽശാല പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയതിനെ തുടർന്ന് അഞ്ച് ഹോട്ടലുകൾക്ക് പൂട്ടാൻ നിർദേശം നൽകി. പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ഹോട്ടൽ ശശീന്ദ്ര, ഹോട്ടൽ ശോഭിക, എംആർഎ ബേക്കറി, ഉമ്മച്ചീസ് ഹോട്ടൽ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.
പരിശോധനയിൽ ലൈസൻസ് പുതുക്കാത്ത കടകളും ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരെയും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുമെതിരെ അധികൃതർ പിഴ ഈടാക്കി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചതുമാണ് നടപടിക്ക് കാരണമായത്.
അതേസമയം, എറണാകുളത്തും ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന തുടരുകയാണ്. സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഫുഡ് സേഫ്റ്റി വകുപ്പ്, പൊലീസ്, കോർപ്പറേഷൻ ആരോഗ്യവിഭാഗം എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നത്. തട്ടുകടകളിലും ഹോട്ടലുകളിലും വ്യാപക പരിശോധന നടക്കുകയാണ്. പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിലാണ് പരിശോധനകൾ കൂടുതൽ കർശനമാക്കിയത്.