ക്ഷേത്രത്തിലെ സ്വർണ്ണാഭരണ മോഷണം; കീഴ്ശാന്തി അറസ്റ്റിൽ
മുഹമ്മ, 2026 ജൂൺ 13 –
മുഹമ്മയിലെ കണ്ണങ്കര ചിറക്കൽ ഗൗരിശങ്കര ക്ഷേേത്രത്തിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ക്ഷേത്രത്തിലെ കീഴ്ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഡിണ്ടിഗൽ പളനി സ്വദേശിയായ ശശിധരൻ എന്ന 69 കാരനെയാണ് മുഹമ്മ പൊലീസ് പിടികൂടിയത്. ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
2025 ഡിസംബർ 31-ന് വൈകിട്ട് മേൽശാന്തി ശ്രീകോവിൽ അടച്ചുപോയ സമയത്താണ് പ്രതി ശ്രീകോവിലിനുള്ളിൽ കടന്ന് മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന 16.5 ഗ്രാം തൂക്കം വരുന്ന മുത്തുമാലയും 16 ഗ്രാം തൂക്കം വരുന്ന ഷോമാലയും ഉൾപ്പെടെ ആകെ 32 ഗ്രാം സ്വർണ്ണാഭരണങ്ങളാണ് കവർന്നത്. മോഷണത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ ഒളിവിൽ പോവുകയും ചെയ്തു.
സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ മലപ്പുറം മഞ്ചേരി ഭാഗത്തുനിന്നാണ് പ്രതിയെ കണ്ടെത്തിയത്. തുടർന്ന് മുഹമ്മ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.