കൊച്ചി | മേയ് 30
കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ടി.യു. കുരുവിള അന്തരിച്ചു. 89 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 9.12 നായിരുന്നു അന്ത്യം.
വാർധക്യസഹജമായ അസുഖങ്ങളും വൃക്ക സംബന്ധമായ പ്രശ്നങ്ങളും കാരണം ഐസിയുവിൽ ചികിത്സയിലായിരുന്നു. അടുത്തിടെ ന്യൂമോണിയ ബാധിച്ചതോടെ ആരോഗ്യനില കൂടുതൽ വഷളായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കോതമംഗലത്ത് നിന്ന് രണ്ടുതവണ എംഎൽഎയായിരുന്ന ടി.യു. കുരുവിള കേരള രാഷ്ട്രീയത്തിലും യാക്കോബായ സുറിയാനി സഭയിലും ശ്രദ്ധേയനായ നേതാവായിരുന്നു. കീരംപാറ പഞ്ചായത്ത് പ്രസിഡന്റായി 14 വർഷം പ്രവർത്തിച്ച അദ്ദേഹം പിന്നീട് കോതമംഗലം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചു.
കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് ചെയർമാൻ, പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ, റബർ ബോർഡ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 2006 ല് കോതമംഗലത്ത് നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം 2011 ലും വിജയം ആവർത്തിച്ചു.
പി.ജെ. ജോസഫിന്റെ രാജിക്ക് പിന്നാലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും ചുമതലയേറ്റു. എന്നാൽ മൂന്നാർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് 2007 ൽ മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നു. പിന്നീട് നടന്ന പോലീസ് അന്വേഷണത്തിൽ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു.
കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനായിരുന്ന അദ്ദേഹം യാക്കോബായ സഭയുടെ അൽമായ സെക്രട്ടറി, അങ്കമാലി ഭദ്രാസന ട്രസ്റ്റ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു. സഭക്കും സമൂഹത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് ‘ഷെവലിയർ’ ബഹുമതിയും ലഭിച്ചു.
1936 സെപ്റ്റംബർ 13 ന് കോതമംഗലത്തിന് സമീപമുള്ള ഊന്നുകലിൽ ജനിച്ച ടി.യു. കുരുവിള എഞ്ചിനീയറിംഗ് ഡിപ്ലോമ നേടിയ ശേഷമാണ് പൊതുരംഗത്ത് സജീവമായത്. ഭാര്യ: ചിന്നമ്മ. മക്കൾ: റീന, രേണു, റെമി, രേഖ, എൽദോ.
രാഷ്ട്രീയ നേതാക്കളും സഭാ പ്രതിനിധികളും വിവിധ സംഘടനകളും അനുശോചനം രേഖപ്പെടുത്തി. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാര ചടങ്ങുകൾ പിന്നീട് അറിയിക്കും.