പാലക്കാട്, 2026 ജൂൺ 17 –
പാലക്കാട് ഐഐടി ക്യാമ്പസിൽ വിദ്യാർഥിനിക്കുനേരെ നടന്ന ആക്രമണം കവർച്ച ലക്ഷ്യമിട്ടായിരുന്നെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കൊൽക്കത്ത സ്വദേശിയായ സുമനാണ് തമിഴ്നാട് സ്വദേശിനിയായ വിദ്യാർഥിനിയെ ആക്രമിച്ച് ആഭരണം കവരാൻ ശ്രമിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. ആക്രമണത്തിനിരയായത് ഐഐടിയിലെ ഡാറ്റാ സയൻസ് എൻജിനീയറിങ് വിദ്യാർഥിനിയായിരുന്നു.
വിദ്യാർഥിനികളുടെ സംഘം ഭക്ഷണം കഴിക്കാനായി പോകുന്ന സമയം ആക്രമിച്ച് കവർച്ച നടത്താനായിരുന്നു പ്രതിയുടെ പദ്ധതി. ക്യാമ്പസിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ഇയാൾ വിദ്യാർഥിനി ഒറ്റയ്ക്കാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ആക്രമണം നടത്തിയത്. തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ആഭരണങ്ങൾ കവരാൻ ശ്രമിച്ചെങ്കിലും വിദ്യാർഥിനി നിലവിളിച്ചു. ഇതോടെ മറ്റ് വിദ്യാർഥികൾ ഓടിയെത്തുകയും പ്രതി ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു. സമീപത്തെ അതിഥി തൊഴിലാളികളുടെ ക്യാമ്പിലേക്കാണ് ഇയാൾ ഓടിപ്പോയതെന്നും പിന്നീട് പൊലീസിനെ ഭയന്ന് നാട്ടിലേക്ക് കടന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
ഈ വർഷം ഫെബ്രുവരി 23-നാണ് സംഭവം നടന്നത്. വൈകിട്ട് എട്ടരയോടെ നിർമാണ പ്രവർത്തനത്തിനായി കൊണ്ടുവന്ന മരത്തടിയുമായി കാത്തിരുന്ന പ്രതി നാലാം വർഷ വിദ്യാർഥിനിയായ അശ്വിനിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിക്ക് തലയ്ക്കും നെഞ്ചിനും പരിക്കേറ്റിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പശ്ചിമബംഗാളിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തെളിവെടുപ്പിന്റെ ഭാഗമായി പ്രതിയെ ഐഐടി ക്യാമ്പസിലും അതിഥി തൊഴിലാളികളുടെ ക്യാമ്പിലും എത്തിച്ച് തെളിവുകൾ ശേഖരിച്ചു.