കൊച്ചി, 2026 ജൂൺ 12 –
പെരുമ്പാവൂരിൽ ആളുകൾക്കിടയിൽ പരസ്യമായി ലഹരി വിൽപ്പന നടത്തിയ യുവതിയെ പൊലീസ് പിടികൂടി. ആസാം സ്വദേശിനിയായ നജ്മ ബീഗത്തെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആളുകൾ കൂടിനിൽക്കുന്ന സ്ഥലത്ത് ലഹരി വിൽപ്പന നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധനയിൽ യുവതിയുടെ കൈവശം ഉണ്ടായിരുന്ന ഹെറോയിനും പിടിച്ചെടുത്തു. ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി നടക്കുന്ന ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായാണ് അറസ്റ്റ്. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി വ്യാപക പരിശോധനകൾ നടന്നുവരികയാണ്.
വ്യാഴാഴ്ചയും പത്ത് അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടിയിരുന്നു. ഉത്തർപ്രദേശ് സ്വദേശികളായ നാല് പേർ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായും ആസാം സ്വദേശികളായ ആറ് പേർ ഹെറോയിനുമായും പിടിയിലായിരുന്നു. വിദ്യാർഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുമാണ് ഇവർ വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജൂൺ 15ന് പെരുമ്പാവൂർ സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.