ചെന്നൈ: സേലം-ചെന്നൈ എക്സ്പ്രസ് ഹൈവേ പദ്ധതിക്കായി കൃഷി ഭൂമി ഏറ്റെടുക്കാൻ സുപ്രീംകോടതി ചൊവ്വാഴ്ച(08/12/2020) അനുമതി നൽകി. നേരത്തെ കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് പദ്ധതി താൽക്കാലികമായി നിർത്തിവച്ചിരുന്നു.
പദ്ധതിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി വരികയും നിർമാണ പ്രവർത്തനങ്ങൾ നിർത്താൻ കോടതിയിൽ നിന്ന് ഉത്തരവ് ഉണ്ടാവുകയും ചെയ്തിരുന്നു. ഈ ഉത്തരവിനെതിരെ ദേശീയ പാത അതോറിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.അതേ സമയം പദ്ധതിക്കെതിരായ പ്രക്ഷോഭം തുടരുമെന്നും ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നുമുള്ള നിലപാടിലാണ് 150 ഓളം ഗ്രാമങ്ങളിലെ കർഷകർ.
സേലത്തെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന 277.3 കിലോമീറ്റർ ഗ്രീൻ കോറിഡോർ എക്സ്പ്രസ് ഹൈവേ 2018 മുതൽ വിവാദ കേന്ദ്രമാണ്, പദ്ധതിക്കായി ഏറ്റെടുക്കേണ്ടത് തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ ഫലഭൂയിഷ്ഠമായ ഭൂമിയാണ്.
എക്സ്പ്രസ് ഹൈവേ പ്രവർത്തനക്ഷമമായാൽ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം മൂന്ന് മണിക്കൂർ കുറയും. ദൈർഘ്യത്തിൽ 68 കിലോമീറ്ററിൻ്റെ കുറവുണ്ടാകും. 10,000 കോടി രൂപയുടെ പദ്ധതിയാണിത്.
പദ്ധതിയോടുള്ള തങ്ങളുടെ എതിർപ്പ് തുടരുമെന്നും. ഭൂമി വിട്ടുകൊടുക്കില്ലെന്നുമുള്ള ഉറച്ച നിലപാടാണ് കോടതി വിധിയ്ക്കു ശേഷവും കർഷകർ ആവർത്തിക്കുന്നത്. രണ്ട് നഗരങ്ങൾക്കിടയിൽ ഇതിനകം മൂന്ന് ഹൈവേകൾ ഉള്ളതിനാൽ പുതിയ ഹൈവേയുള്ള ആവശ്യമില്ലെന്ന് സമരം ചെയ്യുന്ന കർഷകർ പറയുന്നു.
“ഇവ നമ്മുടെ കൃഷിസ്ഥലങ്ങളാണ്. ഈ ഭൂമി ഒരു അനാവശ്യ പദ്ധതിക്കായി വിട്ടുകൊടുക്കേണ്ട ഒരു കാര്യവുമില്ല” എക്സ്പ്രസ് വേയ്ക്കെതിരായി സമരം ചെയ്യുന്ന സംഘടനയുടെ വക്താവ് അരുൾ അറുമുഖം പറയുന്നു.
” ഞങ്ങളുടെ കൃഷിസ്ഥലങ്ങൾക്കുപുറമെ പദ്ധതി പ്രാബല്യത്തിൽ വന്നാൽ ഞങ്ങളുടെ ഗ്രാമത്തിലെ ഒരേയൊരു സ്കൂളും ഒരു ക്ഷേത്രവും നശിപ്പിക്കപ്പെടും. കോടതി വിധി വന്നാലും ഞങ്ങൾ ഞങ്ങളുടെ നിലപാടിൽ നിന്ന് പിന്മാറുകയില്ല ” രാമലിംഗപുരം ഗ്രാമത്തിലെ ശിവഗാമി പറയുന്നു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച(10/12/20) ധർണ നടത്താനും അടുത്ത ആഴ്ച മുതൽ റിലേ സത്യാഗ്രഹം ആരംഭിക്കാനും കർഷകർ തീരുമാനിച്ചിട്ടുണ്ട്.
ഫലഭൂയിഷ്ഠമായ കൃഷിസ്ഥലങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന രീതിയിലാണ് ദേശീയപാത രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇരുവശത്തും ശേഷിക്കുന്ന ഭൂമിയെ പദ്ധതി ഉപയോഗശൂന്യമാക്കും.ആകെ 150 ഓളം ഗ്രാമങ്ങളെ ഹൈവേ ബാധിക്കും, നൂറുകണക്കിന് ഏക്കർ തെങ്ങിൻതോട്ടങ്ങളും ബീറ്റ്റൂട്ട്, വാഴ, മാങ്ങ എന്നിവയുടെ തോട്ടങ്ങളും നശിപ്പിക്കപ്പെടും.

