മധ്യകേരളത്തിലെ അഞ്ച് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച(10/12/2020) രാവിലെ മുതൽ ആരംഭിച്ചു. രാവിലെ 7 മണിക്കു മുൻപു തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്.

കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലായി 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

47,28,489 പുരുഷന്മാരും, 51,28,361 സ്ത്രീകളും 93 ട്രാന്‍സ്‌ജെന്റേഴ്‌സും 265 പ്രവാസികളും ഉള്‍പ്പെടെ 98,57,208 വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 57,895 കന്നിവോട്ടര്‍മാരും ഉള്‍പ്പെടും. അഞ്ച് ജില്ലകളിലായി 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 473 പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1857 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതില്‍ 582 പേര്‍ തെരഞ്ഞെടുക്കപ്പെടും. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ വാര്‍ഡ് 37, തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി (47), വാര്‍ഡി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മികച്ച് പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. ഇത് ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷയിലാണ് സംസ്ഥാനം.

ആകെ 1206 വോട്ടിംഗ് യന്ത്രങ്ങളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലേക്ക് 937 കണ്‍ട്രോള്‍ യൂണിറ്റുകളും 2820 ബാലറ്റ് യൂണിറ്റുകളും നഗരസഭയിലേക്ക് 271 കണ്‍ട്രോള്‍ യൂണിറ്റുകളും 311 ബാലറ്റ് യൂണിറ്റുകളുമാണ് ഉപയോഗിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →