റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: യുഎഇ സര്‍ക്കാരിന്‍റെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്‍റുമായുളള ധാരണാ പത്രത്തിന്‍റെ മറവില്‍ കോടികള്‍ കമ്മീഷന്‍ തട്ടിയതിനെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷിക്കും. ഒരു കോടി രൂപ കമ്മീഷന്‍ നല്‍കിയതായി ലൈഫ് മിഷന്‍ പദ്ധതിയില്‍ ഭവന സമുച്ചയ നിര്‍മ്മാണത്തിനുളള കരാറെടുത്ത യൂണിടാക് കമ്പനിയുടമ എന്‍ഐഎ ക്ക് മൊഴി നല്‍കിയിരുന്നു. കളളക്കടത്തു കേസിലെ പ്രതികളായ സ്വപ്‌നയും സംഘവുമാണ് കമ്മീഷന്‍ പറ്റിയത്. ഈ പണമാണ് തിരുവനന്തപുരത്തെ ബാങ്ക് ലോക്കറുകളില്‍ നിന്ന് കണ്ടെടുത്തതെന്നാണ് മൊഴി.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് താനും സ്വപ്‌നയും ചേര്‍ന്ന് ലോക്കര്‍ ആരംഭിച്ചതെന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വെളിപ്പെടുത്തിയരുന്നു. ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി ഉടനെ വിളിച്ചുവരുത്തും. നിര്‍മ്മാണ കരാറുകാരനെ തിരഞ്ഞെടുത്തതില്‍ സര്‍ക്കാരിന് ഉത്തരവാദിത്ത്വമില്ലെന്ന വാദം നിലനില്‍ക്കില്ലെന്ന നിലപാടിലാണ് എന്‍ഐഎ.

വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്ന 20 കോടിയുടെ പദ്ധതിക്ക് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ എംപവേര്‍ഡ് കമ്മറ്റി 2019 ജൂലൈ 15-ന് ഏഴ് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയിരുന്നു. എംപാനല്‍ ഏജന്‍സികളില്‍ നിന്ന് നിര്‍ദ്ദേശം സ്വീകരിച്ച് നിര്‍മ്മാണം നടത്തുന്നതിനും എല്ലായിടത്തും ഒരേ മാതൃക പിന്തുടരുന്നതിനും 2017 ജൂണ്‍ 12 ന് ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. 2017 ഓഗസ്റ്റ് 18-ന് തദ്ദേശ വകുപ്പു മന്ത്രിയുടെ അവലോകന യോഗത്തില്‍ സര്‍ക്കാര്‍ അംഗീകാരമുളള ഏജന്‍സികള്‍ക്കു മാത്രം ലിമിറ്റഡ് ടെന്‍ററിലൂടെ നിര്‍മ്മാണ ചുമതല നല്‍കാനും തീരുമാനിച്ചിരുന്നു. 2018 ഏപ്രില്‍ 11-ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളള മറ്റ് അക്രഡിറ്റഡ് ഏജന്‍സികള്‍ മുഖേനയോ ടെന്‍ററിലൂടെയോ ഭവന നിര്‍മ്മാണം വേഗത്തിലാക്കാന്‍ നിശ്ചയിക്കുകയും അതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

പക്ഷെ കരാര്‍ എടുത്ത യൂണിടെക്ക് അക്രഡിറ്റഡ് ഏജന്‍സി അല്ലായിരുന്നു. ഇതിനായി വ്യവസ്ഥ ചെയതിരുന്ന റെഡ്ക്രസന്‍റുമായുളള ധാരണാപത്രം സര്‍ക്കാര്‍ പുറത്തുവിട്ടുമില്ല. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതുമാത്രമല്ല, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയോ, വിദേശകാര്യ മന്ത്രാലയത്തിന്‍റെയോ അനുമതി നേടിയിട്ടുമില്ല. 3.78 കോടിയുടെ കൈക്കൂലി ഇടപാടുകള്‍ നടന്നതായും അതില്‍ ഒരുഭാഗം ദുബൈയില്‍ ദിര്‍ഹമായി നല്‍കിയതായും കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *