ചെന്നൈ : ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ എ.പി. സൂര്യപ്രകാശമാണ് ഹർജിക്കാരൻ. കോഹ്ലിക്കു പുറമെ ചൂതാട്ട പരസ്യത്തിൽ അഭിനയിച്ച സിനിമാതാരം തമന്ന ഭാട്ടിയയെയും അറസ്റ്റു ചെയ്യണമെന്ന് ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഓൺലൈൻ ചൂതാട്ടം ഇന്ത്യയിൽ കുറ്റകരമാണെന്നും യുവാക്കളെ സ്വാധീനിക്കാൻ ശേഷിയുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും ഈ കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുകയാണെന്നും ഹർജിയിൽ പറയുന്നു.
വിശാഖപട്ടണത്ത് ഓൺലൈൻ ചൂതാട്ടം വഴി പണം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഈ മാസം 11 നായിരുന്നു വിശാഖപട്ടണം അനകപ്പള്ളെ മണ്ഡലത്തിലെ കോട്ടുരു ഗ്രാമത്തിൽ 24 കാരനായ വെങ്കട അരവിന്ദ് ആത്മഹത്യ ചെയ്തത്.
“ഓൺലൈൻ ചൂതാട്ടത്തിന്റെ കെണിയിൽ വീഴുന്ന യുവാക്കൾ പോക്കറ്റ് മണി തീരുമ്പോൾ ബ്ലേഡുകാരിൽ നിന്നും പണം കടം വാങ്ങുകയാണ്. കൊള്ളപ്പലിശക്കാർ വീടു തേടി വരുമ്പോൾ ചിലർ ആത്മഹത്യയെ കുറിച്ചു പോലും ചിന്തിക്കുന്നു .”
സൂര്യപ്രകാശം പറയുന്നു.


