ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പീഡനപ്പരാതിയില്‍ ക്രിയാത്മക നടപടി സ്വീകരിക്കാത്തതില്‍ കേന്ദ്രകായിക മന്ത്രി അനുരാഗ് താക്കൂറിനെതിരേ ഗുസ്തിതാരങ്ങള്‍. ഒരു സമിതി രൂപീകരിച്ചതിലൂടെ പരാതി ഒതുക്കാന്‍ താക്കൂര്‍ ശ്രമിച്ചെന്ന് ഗുരുതര ആരോപണം.
ജന്തര്‍ മന്ദറില്‍ 11 ദിവസമായി സമരത്തിലുള്ള ഗുസ്തിതാരങ്ങളില്‍ വിനേഷ് ഫോഗട്ടാണ് കേന്ദ്രമന്ത്രിക്കെതിരേ വിമര്‍ശനമുയര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്തിയത്. ബ്രിജ്ഭൂഷണെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇതിനു മുമ്പ് നടത്തിയ സമരം ഒത്തുതീര്‍പ്പായത് കായികമന്ത്രി അനുരാഗ് താക്കൂറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു. മന്ത്രിയെ സന്ദര്‍ശിച്ച മുഴുവന്‍ താരങ്ങളും അന്ന് ലൈംഗികപീഡനാരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, പരാതി ഒതുക്കാന്‍ ലക്ഷ്യമിട്ട് ഒരുസമിതി രൂപീകരിക്കുകയാണു മന്ത്രി ചെയ്തത്. അന്വേഷണവും തുടര്‍നടപടികളും തടസപ്പെടുകയും ചെയ്തു- ഫോഗട്ട് പറഞ്ഞു. അധികാരദുര്‍വിനിയോഗം നടത്തി പദവിയില്‍ ദീര്‍ഘനാള്‍ തുടരുന്ന ശക്തനായ വ്യക്തിക്കെതിരേ പോരാടുന്നത് കഠിനമാണെന്നും ഫോഗട്ട് കൂട്ടിച്ചേര്‍ത്തു.

