ജയ്പുര്‍(രാജസ്ഥാന്): 100 ഏക്കറില്‍ 350 കോടിയുടെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരില്‍ വരുന്നു. രാജസ്ഥാനിലെ ജയ്പുരിലാണ് പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ആയിരിക്കും ഇത്. നാലുമാസത്തിനുള്ളില്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി മഹേന്ദ്ര ശര്‍മ വ്യക്തമാക്കി. 75,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന് പ്രതീക്ഷിക്കുന്ന ചെലവ് 350 കോടി രൂപയാണ്.
നഗരത്തില്‍നിന്ന് 25 കിലോമീറ്റര്‍ മാറി ജയ്പുര്‍- ഡല്‍ഹി ഹൈവേയോടു ചേര്‍ന്ന് ചോന്‍പ് ഗ്രാമത്തിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. 4000 വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കും. രഞ്ജി മത്സരങ്ങള്‍ കണക്കിലെടുത്ത് രണ്ട് പരിശീലന ഗ്രൗണ്ടുകളും സ്റ്റേഡിയത്തിന്റെ ഭാഗമായിട്ടുണ്ടാകും. രണ്ട് റെസ്റ്റോറന്റുകള്‍, 30 പ്രാക്ടീസ് നെറ്റ്സ്, 250 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രസ് കോണ്‍ഫറന്‍സ് റൂം എന്നിവയും ഒരുക്കും. നിലവില്‍ 30,000 പേര്‍ക്ക് ഇരിക്കാവുന്ന സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് ജയ്പുരിലെ മത്സരങ്ങള്‍ നടക്കുന്നത്.
ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്റ്റേഡിയത്തില്‍ 1.10 ലക്ഷം സീറ്റുകളാണുള്ളത്. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 1.02 ലക്ഷം സീറ്റുകളുണ്ട്. ഇതു രണ്ടും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയമാവും ജയ്പുരില്‍ ഉയരുക. രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

