കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസില്‍ രണ്ടു മാസമായി ഒളിവിലായിരുന്ന പ്രതികള്‍ പോലീസില്‍ കീഴടങ്ങി.കേസിലെ ആറാംപ്രതി ചേവായൂര്‍ കുരുങ്ങുമ്മല്‍ അരങ്ങ് ഹൗസില്‍ പി.എസ്. നിഖില്‍ (33), ചേവായൂര്‍ കിഴക്കെപ്പറമ്പത്ത് ജിതിന്‍ലാല്‍ (27) എന്നിവരാണ് 08/11/2022 രാവിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ കീഴടങ്ങിയത്. പ്രതികളെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (കുന്ദമംഗലം) കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഹൈക്കോടതി ജാമ്യം നിരസിച്ചതിനെത്തുടര്‍ന്നാണ് കീഴടങ്ങല്‍. കേസിലെ ഒന്നു മുതല്‍ അഞ്ചുവരെ പ്രതികള്‍ നേരത്തെ കീഴടങ്ങിയിരുന്നു. ഓഗസ്റ്റ് 31-ന് മെഡിക്കല്‍ കോളജ് പ്രവേശന കവാടത്തില്‍ സുരക്ഷാജോലി ചെയ്യുകയായിരുന്ന മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ ഡി.വൈ.എഫ്.ഐ. സംസ്ഥാന സമിതി അംഗം കെ. അരുണിന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചുവെന്നാണ് കേസ്. സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകനും അക്രമം തടയാന്‍ ശ്രമിച്ച രോഗിയുടെ കൂട്ടിരിപ്പുകാരനും പരുക്കേറ്റിരുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ ദിനേശന്‍ ചികിത്സയിലാണ്.


