കണ്ണൂർ: കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടിയ കർഷകൻ മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഏലപീടിക സ്വദേശി സ്റ്റാൻലിയാണ് മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. പെട്രോളുമായി മരത്തിന് മുകളിൽ കയറിയിരുന്നു സ്റ്റാൻലി പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കുരങ്ങുകളുടെ ആക്രമണത്തിൽ വീട് തകർന്നതിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യ ഭീഷണി.
വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കുരങ്ങ് ശല്യത്തിന് പരിഹാരം കാണണമെന്നാണ് ഇയാളുടെ ആവശ്യം. പഞ്ചായത്ത് പ്രസിഡന്റും വനം വകുപ്പ് ഉദ്യോഗസ്ഥരുമെത്തി കുരങ്ങ് ശല്യത്തിന് പരിഹാരം കാണാമെന്ന് അറിയച്ചതിനെ തുടർന്നാണ് സ്റ്റാൻലി മരത്തിൽ നിന്നും താഴെ ഇറങ്ങിയത്. സ്റ്റാൻലിയുടെ വസ്തു വനം വകുപ്പ് കയ്യേറിയെന്ന പരാതി പരിശോധിക്കാമെന്നും കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉറപ്പു നൽകിയിട്ടുണ്ട്.


