ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ‘ലഹരി വിമുക്ത കേരളം’ പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം
രാവിലെ 10.30ന് ആലപ്പുഴ ഗവണ്മെന്റ് മുഹമ്മദന്‍സ് ഗേള്‍സ് സ്കൂളില്‍ എ.എം. ആരിഫ് എം.പി. നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. രാവിലെ എട്ട് മണിക്ക് കളക്ടറേറ്റിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ നടക്കുന്ന പുഷ്പ്പാര്ച്ചനയോടും സര്‍വ്വമത പ്രാര്‍ഥനയോടെയും പരിപാടികള്‍ക്ക് തുടക്കമാകും. 9 മണിക്ക് കളക്ടറേറ്റ് അങ്കണത്തില്‍ നിന്നും സ്കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തുള്ള ലഹരി വിരുദ്ധ സന്ദേശ റാലി ആരംഭിച്ച് ഗവണ്മെന്റ് മുഹമ്മദന്‍സ് ഗേള്‍സ് സ്കൂളില്‍ സമാപിക്കും. 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍ നിര്‍വഹിക്കുന്ന സംസ്ഥാനതല ഉദ്ഘാടന പരിപാടി സ്കൂളില്‍ തത്സമയം സംപ്രേഷണം ചെയ്യും.
ഒക്ടോബര്‍ രണ്ട് മുതല്‍ ഒരു മാസം നീണ്ടു നില്ക്കുന്ന കര്‍മ പരിപാടികളാണ് ജില്ലയില്‍ നടത്തുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ജില്ല ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, പോലീസ്, വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, തുടങ്ങി ഒട്ടേറെ വകുപ്പുകളുടെ സഹകരണത്തോടെയുള്ള പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്. ഇന്ന് (ഗാന്ധി ജയന്തി ദിനത്തില്‍) ജില്ലയിലെ എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ പ്രചാരണ പരിപാടികളും പോലീസ്, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ബോധവത്കരണ ക്ലാസ്സും നടത്തും. ലഹരി വിരുദ്ധ പ്രതിജ്ഞയും എടുക്കും. ജില്ലാതല പരിപാടിയില്‍ എം.എല്‍.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന് എന്നിവര്‍ മുഖ്യ സാന്നിധ്യമാകും. എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ജില്ല പോലീസ് മേധാവി ജി. ജയദേവ്, നഗരസഭ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്. വിനീത, കൗണ്‍സിലര്‍ സിമി ഷാഫി ഖാന്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.പി. ഓമന, ഡി.എം.ഒ. (ആരോഗ്യം) ഡോ.ജമുന വര്‍ഗീസ്, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


