കോഴിക്കോട്: ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്ത് നടത്തിയ പരാമര്‍ശം വിവാദത്തിലായ സാഹചര്യത്തില്‍ പ്രതികരണവുമായി ബിജെപി രംഗത്ത്. മേയര്‍ക്ക് പൂര്‍ണ പിന്തുണയെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ സജീവന് പറഞ്ഞു. ബാലഗോകുലത്തിന്റെ ചടങ്ങില്‍ മേയര്‍ പങ്കെടുത്തത് വിവാദമാക്കുന്നവര്‍ സങ്കുചിത മനസുള്ളവരാണ്. ഇത് അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് നയിക്കും. നഗരപിതാവ് എന്ന നിലയിലാണ് അവരെ ക്ഷണിച്ചത്. വ്യത്യസ്ത രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ സംസ്ക്കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. അതിനെ സിപിഎമ്മും എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു,
വടക്കേഇന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുള്ള മേയറുടെ പരാമര്‍ശമാണ് വിവാദത്തിലായത്. ‘പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതല്‍ അവരെ സ്നേഹിക്കണം’. കേരളീയര്‍ കുട്ടികളെ സ്നേഹിക്കുന്നതില്‍ സ്വാര്‍ത്ഥരാണെന്നും ബീന ഫിലിപ്പ് അഭിപ്രായപ്പെടുന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃസംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. ആര്‍എസ്എസ് ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകള്‍ വരെ നടത്തി പ്രതിരോധം തീര്‍ക്കുമ്പോഴാണ് സിപിഎം മേയര്‍ സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകയായത്. ഇതിനിടെയാണ് ഉദ്ഘാടനം ചെയ്ത് നടത്തിയ പരാമര്‍ശവും വിവാദത്തിലായത്.
അതിനിടെ, ബീനാ ഫിലിപ്പ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് സിപിഎം അംഗീകരിക്കുമോയെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തി. സിപിഎം- ആര്‍എസ്എസ് ബാന്ധവം ശരി വെക്കുന്ന സംഭവമാണ്. കോഴിക്കോട്ടുണ്ടായതെന്നും സിപിഎം മേയര്‍ മോദി- യോഗി ഭക്തയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാര്‍ട്ടി അംഗീകരിക്കുമോയെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ചോദിച്ചു.


