ന്യൂഡല്‍ഹി: ബുദ്ധപൂര്‍ണിമാ ദിനത്തില്‍ ഗൗതമബുദ്ധന്റെ ജന്മദേശമായ ലുംബിനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തി. നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബഹാദുര്‍ ദ്യൂബയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.ഇന്ത്യയും നേപ്പാളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദം പുതിയ കാലഘട്ടത്തില്‍ കൂടുതല്‍ ശക്തമാകുന്നതു മനുഷ്യരാശിക്കാകെ പ്രയോജനപ്പെടുമെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. അയോധ്യയില്‍ പ്രൗഢമായ രാമക്ഷേത്രം ഉയരുന്നതില്‍ നേപ്പാള്‍ ജനതയും സന്തോഷിക്കുന്നുണ്ടെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ആറു ധാരണാപത്രങ്ങളില്‍ മോദി-ദ്യൂബ ഉഭയകക്ഷി ചര്‍ച്ചയ്ക്കു ശേഷം ഇരുരാജ്യങ്ങളും ഒപ്പുവച്ചു. നേപ്പാളില്‍ ലുംബിനി മ്യൂസിയത്തിന്റെ നിര്‍മാണം, ലുംബിനിയിലെ ബുദ്ധിസ്റ്റ് സര്‍വകലാശാലയിലെ ബുദ്ധിസ പഠനവിഭാഗത്തില്‍ ഡോ. അംബേദ്കര്‍ ചെയര്‍ സജ്ജമാക്കല്‍ തുടങ്ങിയവ ധാരണാപത്രങ്ങളുടെ ഭാഗമാണ്.ബുദ്ധപൂര്‍ണിമാ ദിനത്തില്‍ ലുംബിനിയിലെ മായാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ കഴിഞ്ഞതിലൂടെ അനുഗൃഹീതനായെന്നു പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ പറഞ്ഞു. രണ്ടു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ലുംബിനിയിലെ അശോകാ സ്തംഭത്തില്‍ ദീപം തെളിച്ചു.


