കീവ്: രാജ്യംവിടാനുള്ള യു.എസ് ഉപദേശം തള്ളി യുക്രൈൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്കി. രാജ്യംവിടാൻ സഹായിക്കാമെന്ന യു.എസ് വാഗ്ദാനം അദ്ദേഹം നിരസിച്ചു. ഇപ്പോൾ പടക്കോപ്പുകളാണ് തനിക്ക് വേണ്ടതെന്നും യാത്രയല്ലെന്നും സെലൻസ്കി പ്രതികരിച്ചു. അതിനിടെ, തലസ്ഥാനനഗരമായ കിയവ് പിടിച്ചെടുക്കാനുള്ള റഷ്യന്നീക്കത്തിന് യുക്രൈന് ശക്തമായി തിരിച്ചടിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
”യുദ്ധം നടക്കുന്നത് ഇവിടെയാണ്. എനിക്ക് പടക്കോപ്പുകളാണ് ഇപ്പോൾ വേണ്ടത്, യാത്രയല്ല..” സെലൻസ്കി പറഞ്ഞതായി അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. സെലൻസ്കിയെ സുരക്ഷിതമായി നാടുവിടാൻ സഹായിക്കാൻ ആവശ്യമായ നടപടികൾ യു.എസ് പൂർത്തീകരിച്ചിരുന്നതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം താൻ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്ന് സെലൻസ്കി വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. താനടക്കം ഭരണത്തലവന്മാർ ആരും കിയവ് വിട്ടുപോയിട്ടില്ലെന്നും നഗരം ആർക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. യുക്രൈൻ പൗരന്മാരെ അഭിസംബോധന ചെയ്താണ് സെലൻസ്കി വിഡിയോ സന്ദേശം പുറത്തുവിട്ടത്. റഷ്യയെ ശക്തമായി പ്രതിരോധിക്കുമെന്നും സെലൻസ്കി പറഞ്ഞു. ബങ്കറിലേക്ക് ഒളിച്ചോടിയെന്ന തരത്തിലുള്ള വാർത്തകൾ സെലൻസ്കി നിഷേധിച്ചു. വിഡിയോയിൽ അദ്ദേഹത്തിനൊപ്പം മന്ത്രിസഭയിലെ ഉന്നതരുമുണ്ടായിരുന്നു.


