റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

7 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 4 പേർ രോഗമുക്തി നേടി

May 11, 2020 - 3:39 am

തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച 7 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. വയനാട് ജില്ലയിൽ നിന്നുള്ള 3 പേർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള 2 പേർക്കും എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ, മലപ്പുറം ജില്ലയിലുള്ളവർ ഏഴാം തീയതി അബുദാബിയിൽ നിന്നും വിമാനത്തിൽ വന്നവരാണ്. വയനാട് ജില്ലയിലെ 2 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയിലുള്ള ഒരാളും എറണാകുളം ജില്ലയിലുള്ള ഒരാളും ചെന്നൈയിൽ നിന്നും വന്നതാണ്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനഫലം ഞായറാഴ്ച നെഗറ്റീവായി.

കണ്ണൂർ ജില്ലയിൽ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ ഏറ്റവുമധികം രോഗികളുണ്ടായിരുന്ന കാസർഗോഡ് ജില്ല കോവിഡ് മുക്ത ജില്ലയായി മാറി. 489 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. 20 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 26,712 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 26,350 പേർ വീടുകളിലും 362 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 37,464 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 3815 സാമ്പിളുകൾ ശേഖരിച്ചതിൽ 3525 സാമ്പിളുകൾ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് ഞായറാഴ്ച പുതിയ ഹോട്ട് സ്പോട്ടുകൾ ഇല്ല. നിലവിൽ ആകെ 33 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *