റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്ന് വിമാനങ്ങളിലായി ഇന്ത്യ ഒരൊറ്റ ദിവസം തിരിച്ചെത്തിച്ചത് 400 പേരെ; അഫ്ഗാൻ രക്ഷാദൗത്യം തുടരുന്നു

August 22, 2021 - 7:01 pm

ന്യൂഡൽഹി: മൂന്ന് വിമാനങ്ങളിലായി പൗരൻമാർ ഉൾപ്പെടെ 400 പേരെ അഫ്ഗാനിസ്താനിൽ നിന്ന് തിരിച്ചെത്തിച്ച് ഇന്ത്യ. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതിനെതുടർന്നാണ് പൗരൻമാരെ സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചത്.

107 ഇന്ത്യക്കാരും 23 അഫ്ഗാനികളും ഉൾപ്പെടുന്ന സംഘവുമായി വ്യോമസേനയുടെ സി-17 വിമാനമാണ് കാബൂളിൽ നിന്ന് ഹിൻഡോൺ എയർ ബെയ്സിൽ ഞായറാഴ്ച(22/08/21) എത്തിയത്. 87 ഇന്ത്യക്കാരും രണ്ട് നേപ്പാളികളും ഉൾപ്പെടുന്ന മറ്റൊരു സംഘം താജികിസ്താനിൽ നിന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലുമെത്തി. കഴിഞ്ഞ ദിവസമാണ് ഇവരെ കാബൂളിൽ നിന്ന് താജികിസ്താനിൽ എത്തിച്ചത്.

കാബൂളിൽ നിന്ന് ദോഹയിലെത്തിച്ച 135 ഇന്ത്യക്കാരുൾപ്പെടുന്ന മറ്റൊരു സംഘത്തേയും ഞായറാഴ്ച ഡൽഹിയിൽ എത്തിച്ചു. പൗരൻമാരെ തിരിച്ചെത്തിക്കുന്ന ദൗത്യം യു.എസ്, ഖത്തർ, താജികിസ്താൻ എന്നീ രാജ്യങ്ങളുമായി ചേർന്നാണ് ഇന്ത്യ പൂർത്തിയാക്കിയത്. പൗരൻമാരെ നാട്ടിലെത്തിക്കുന്ന ദൗത്യം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്തം ബാഗി ട്വീറ്റ് ചെയ്തു.

താലിബാൻ അഫ്ഗാൻ തലസ്ഥാനം പിടിച്ചെടുത്തതിന് പിന്നാലെ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെ 200 പേരെ കഴിഞ്ഞ തിങ്കളാഴ്ച വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു. 150 പേരടങ്ങുന്ന മറ്റൊരു വിമാനം നേരത്തേ ഡൽഹിയിലെത്തിയിരുന്നു.

ഇപ്പോൾ പ്രാധാന്യം നൽകുന്നത് അഫ്ഗാനിൽ കുടുങ്ങിയ പൗരൻമാരെ നാട്ടിലെത്തിക്കുന്നതിനാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.അഫ്ഗാനിൽ തങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ആദ്യപടിയായി ചെയ്യുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സഹകരിച്ചാണ് പൗരൻമാരെ നാട്ടിലെത്തിക്കുന്ന ദൗത്യം ഇന്ത്യ മുന്നോട്ടുകൊണ്ടുപോകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *