ആനമല മുക്കോണം പാലത്തിനടുത്ത് തമിഴ് യുവതാരം ശിവകാർത്തികേയന്റ ചിത്രമായ ഡോണിന്റെ ചിത്രീകരണ സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ചിത്രത്തിനെതിരെ കേസ് എടുത്തു.
ഷൂട്ടിംഗ് വിവരമറിഞ്ഞ് സമീപവാസികളായ ഏകദേശം അഞ്ഞൂറോളം പേർ സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക്ക് ധരിക്കാതെയും ശിവകാർത്തികേയനെ കാണാനായി തടിച്ചു കൂടുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും ചിത്രീകരണം നിർത്തിക്കുകയും ആയിരുന്നു.
ആളുകൾ തടിച്ചുകൂടിയതിനുപുറമേ പാലത്തിന് അരികിൽ സിനിമാ പ്രവർത്തകരുടെ വാഹനങ്ങൾ പാർക്ക് ചെയ്തതുകൊണ്ട് സ്ഥലത്ത് ഗതാഗതക്കുരുക്കും ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തഹസിൽദാരും പോലീസുകാരും അന്വേഷണത്തിൽ ചിത്രീകരണത്തിന് അനുവാദം വാങ്ങിയിട്ടില്ല എന്ന് കണ്ടെത്തി.
ചിത്രത്തിന്റെ ചിത്രീകരണത്തെ കുറിച്ച് റവന്യൂ വകുപ്പിനോ പോലീസിനോ വിവരം ലഭിച്ചിരുന്നില്ല. ഗതാഗതം സ്തംഭിപ്പിച്ചതിനു കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലും ചിത്രത്തിന്റ സംവിധായകൻ സിബി ചക്രവർത്തി അടക്കം 30 പേർക്കെതിരെ പോലീസ് കേസെടുക്കുകയും 19,400 രൂപ പിഴ ചുമത്തുകയും ചെയ്തു.


