കോട്ടക്കല്‍: സ്വന്തം ശമ്പളം മറ്റുഏഴു പേര്‍ക്കു കൂടി വീതിച്ചു നല്‍കി സ്‌കൂള്‍ നിലനിര്‍ത്തുന്ന സുമ ടീച്ചര്‍ക്ക് ആശ്വാസമായി മൂന്ന് അദ്ധ്യാപകരെ നിയമിച്ച് ഡിഡി ഉത്തരവായി. മാറാക്കര ഗ്രാമ പഞ്ചായത്തിലെ കല്ലാര്‍മംഗലം ജിഎല്‍പി സകൂളില്‍ എട്ട് അദ്ധ്യാപകര്‍ക്കുപകരം ഒരദ്ധ്യാപിക മാത്രമാണ് ഉണ്ടായിരുന്നത്. സ്കൂളിലുണ്ടായിരുന്ന മൂന്ന് എല്‍പിഎസ്‌ടി അദ്ധ്യാപകരില്‍ രണ്ടുപേര്‍ 2020-21ലെ പൊതു സ്ഥലംമാറ്റത്തില്‍ പോകുകയും പ്രധാന അദ്ധ്യാപിക കഴിഞ്ഞമാസം 23 ന് വിരമിക്കുകയും ചെയ്‌തതോടെയാണ് സ്‌കൂളില്‍ പ്രതിസന്ധി ഉണ്ടായത്.
തുടര്‍ന്ന് പിടിഎയുടെ ശ്രമഫലമായി ഏഴു താല്‍ക്കാലിക അദ്ധ്യാപകരെ നിയമിക്കുകയുണ്ടായി എന്നാല്‍ അവര്‍ക്ക് ശമ്പളത്തിന്‍റെ കാര്യത്തില്‍ പ്രതിസന്ധി ഉണ്ടായപ്പോള്‍ നിലവിലുളള അദ്ധ്യാപികയായ സുമാ രാമചന്ദ്രന്‍ ടീച്ചര്‍ അവര്‍ക്ക് സ്വന്തം ശമ്പളം പകുത്തു നല്‍കിയാണ് സ്‌കൂള്‍ നിലനിര്‍ത്തിയത്. പിന്നീട് ഉപജില്ലാ ഓഫീസറുടെ റിപ്പോര്‍ട്ടുപ്രകാരം സ്ഥിരം അദ്ധ്യാപകര്‍ വരുന്നതുവരെ മൂന്ന് അദ്ധ്യാപകരെ കൂടി താല്‍ക്കാലികമായി നിയമിച്ച് ഡിഡിഇ കെ.എസ് കുസുമം ഉത്തരവായത്. പുതിയ ഉത്തരവ് പ്രകാരം പ്രധാന അദ്ധ്യാപക ചുമതല സമീപത്തെ മേല്‍മുറി ജിഎല്‍പി സ്‌കൂള്‍ പ്രധാന അദ്ധ്യാപകന്‍ എം അഹമ്മദിന് അധികമായി നല്‍കുകയും ഈ.ബീന, സൗബിദ എന്നീ അദ്ധ്യാപകരെ വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ നിയമിക്കുകയും ചെയ്‌തു. 2021 ജൂണ്‍ 12 ശനിയാഴ്‌ച മുതല്‍ ഉത്തരവ് നിലവില്‍ വന്നു.
കോട്ട്‌ക്കല്‍ കല്ലാര്‍മംഗലം ജിഎല്‍പി സ്‌കൂളിലടക്കം ഒഴിവുളള തസ്‌തികകളില്‍ അദ്ധ്യാപകരെ നിയമിക്കണമെന്ന് കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി. താല്‍ക്കാലികമായ പരിഹാരമല്ല വേണ്ടതെന്നും പിഎസ് സി നിയമനം ലഭിച്ചവരടക്കം ജോലിയില്ലാതെ പ്രയാസപ്പെടുന്ന സാഹചര്യമാണെന്നും എംഎല്‍എ പറഞ്ഞു.


