നിലമ്പൂർ: കരുളായിൽ അമ്മായിയമ്മയുടെ വെട്ടേറ്റ് മരുമകൾ മരിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുളായി ചെട്ടികുണ്ടുങ്ങൽ പുളിക്കത്തടത്തിൽ രജിലയാണ് കൊല്ലപ്പെട്ടത്. അമ്മായിയമ്മയായ ശാന്ത വെട്ടുകത്തികൊണ്ട് രജിലയെ വെട്ടുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ രജില എന്ന 30കാരി വീട്ടിൽ വച്ചുതന്നെ മരിച്ചു. രജിലയുടെ കുട്ടികളുടെ മുന്നിൽ വച്ചാണ് ശാന്ത മരുമകളെ വെട്ടിക്കൊന്നത്. കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരം അറിഞ്ഞത്.പൂക്കോട്ടുംപാടം പോലീസ് ശാന്തയെ വീട്ടിൽനിന്നു കസ്റ്റഡിയിൽ എടുത്തു. രാവിലെ ചായ ചോദിച്ചപ്പോൾ ലഭിക്കാത്തതാണ് പ്രകോപനത്തിനു കാരണമെന്നാണ് ശാന്ത പോലീസിന് മൊഴി നൽകിയത്.
കുട്ടികൾ വെള്ളം നൽകുന്നതിനിടയിൽ രജിലയുടെ മരണം സംഭവിക്കുകയായിരുന്നു
വെട്ടേറ്റു വീണ രജില കുട്ടികളോടു വെള്ളം ആവശ്യപ്പെട്ടു. കുട്ടികൾ വെള്ളം നൽകുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു. .രജിലയുടെ ഭർത്താവ് സുനിൽ രാവിലെ ഓട്ടോറിക്ഷയിൽ ഓട്ടം പോയതായിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ സുനിൽ ഓട്ടോ ഡ്രൈവർ കൂടിയാണ്. മൃതദ്ദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പൂക്കോട്ടുംപാടം പോലീസ് ഇൻക്വസ്റ്റ് നടത്തി.


