ഒന്നര ഗ്രാം എംഡിഎംഎയുമായി പിടിയിലായവരുടെ വാഹനത്തിൽ ഒളിപ്പിച്ചിരുന്നത് വൻ ലഹരി ശേഖരം
വര്‍ക്കല: പാരിപ്പള്ളി എഴിപ്പുറം സ്വദേശി ഷേക്ക് അഹമ്മദ്, മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ഷാഫി എന്നിവരെ ജനുവരി 22ന് പുലർച്ചെ ഡാൻസാഫ് സംഘം നടത്തിയ വാഹന പരിശോധനയിൽ ഒന്നര ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഡൽഹി രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ കാറിലായിരുന്നു പ്രതികൾ സഞ്ചരിച്ചിരുന്നത്. ഇതിന് പിന്നാലെ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. പ്രതികളെ പള്ളിക്കൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന ലഹരി ശേഖരത്തെ കുറിച്ച് വിവരം ലഭിച്ചത്.
മ്യൂസിക് സിസ്റ്റത്തിന്റെ പിൻഭാഗത്തുള്ള രഹസ്യ അറയിൽ സൂക്ഷിച്ചിരുന്നത് 500ഗ്രാം എംഡിഎംഎ
അതോടെ അറസ്റ്റിലായ പ്രതികളുടെ വാഹനത്തിൽ നിന്ന് 500ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി. വാഹനത്തിന്റെ വിവിധ ഭാഗങ്ങൾ അഴിച്ച് നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം കണ്ടെത്തിയത്. മെമെക്കാനിക്കിനെ എത്തിച്ച് വാഹനത്തിന്റെ ഭാഗങ്ങൾ അഴിച്ച് നടത്തിയ പരിശോധനയിലാണ് മ്യൂസിക് സിസ്റ്റത്തിന്റെ പിൻഭാഗത്തുള്ള രഹസ്യ അറയിൽ സൂക്ഷിച്ച 500ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
