ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ സ്ഥിരമായ ഡിജിപിമാരെ നിയമിക്കാതെ ‘ആക്ടിംഗ് ഡിജിപി’മാരെ നിയമിക്കുന്ന രീതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഡിജിപി നിയമനത്തിൽ സംസ്ഥാനങ്ങൾ കാലതാമസം വരുത്തിയാൽ യുപിഎസ്സിക്ക് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
സംസ്ഥാനങ്ങൾ സ്വന്തം താല്പര്യപ്രകാരം ‘ആക്ടിംഗ്’ ഡിജിപിമാരെ നിയമിക്കുന്നത് ശരിയല്ലെന്ന് കോടതി
സ്ഥിരമായ ഡിജിപിമാരെ നിയമിക്കുന്നതിന് യുപിഎസ്സിക്ക് പേരുകൾ ശുപാർശ ചെയ്യുന്നതിന് പകരം, സംസ്ഥാനങ്ങൾ സ്വന്തം താല്പര്യപ്രകാരം ‘ആക്ടിംഗ്’ ഡിജിപിമാരെ നിയമിക്കുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് അർഹരായ ഉദ്യോഗസ്ഥരുടെ അവസരം നഷ്ടപ്പെടുത്തുന്ന രീതിയാണെന്നും കോടതി പറഞ്ഞു.ഡിജിപി നിയമനത്തിനായി കൃത്യസമയത്ത് പേരുകൾ അയക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടാൻ യുപിഎസ്സിക്ക് കോടതി അധികാരം നൽകി. സംസ്ഥാനങ്ങൾ ഇതിൽ വീഴ്ച വരുത്തിയാൽ യുപിഎസ്സിക്ക് സുപ്രീംകോടതിയിൽ അപേക്ഷ നൽകാം. വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി
2017 മുതൽ തെലങ്കാനയിൽ സ്ഥിരമായ ഡിജിപി നിയമനം നടന്നിട്ടില്ലെന്ന് യുപിഎസ്സി
തെലങ്കാനയിലെ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട തർക്കം പരിഗണിക്കുമ്പോഴാണ് കോടതി ഈ നിർദ്ദേശങ്ങൾ നൽകിയത്. 2017 മുതൽ തെലങ്കാനയിൽ സ്ഥിരമായ ഡിജിപി നിയമനം നടന്നിട്ടില്ലെന്നും സംസ്ഥാനം വലിയ കാലതാമസം വരുത്തിയെന്നും യുപിഎസ്സി കോടതിയെ അറിയിച്ചു.
