വാഷിംഗ്ടൺ: ചൈനയും റഷ്യയും ഗ്രീൻലാൻഡ് സ്വന്തമാക്കുന്നതിനു മുമ്പ് യുഎസിന് സ്വന്തമാക്കണമെന്നാണ് ആഗ്രഹമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നമ്മൾ ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നുണ്ട്, അവർക്ക് അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. നമ്മൾ അതു ചെയ്തില്ലെങ്കിൽ ചൈനയോ റഷ്യയോ ഗ്രീൻലാൻഡ് പിടിച്ചെടുക്കും. അവർ നമ്മുടെ അയൽക്കാരാകാൻ പാടില്ല – ട്രംപ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അൻപത്തിയേഴായിരത്തോളം ജനസംഖ്യയുള്ള സ്വയംഭരണാധികാരമുള്ള ദ്വീപാണ് ഗ്രീൻലാൻഡ്
1951ലെ കരാർപ്രകാരം യുഎസിന്‍റെ സൈനിക സാന്നിധ്യം ഗ്രീൻലാൻഡിൽ ഉണ്ടെങ്കിലും ഗ്രീൻലാൻഡിന്‍റെ സംരക്ഷണത്തിന് അത്തരം കരാറുകൾ പോരാ. അതിന് അമേരിക്ക ആ ദ്വീപ് സ്വന്തമാക്കണം. ഡെൻമാർക്ക് രാജ്യഭരണത്തിനു കീഴിൽ അൻപത്തിയേഴായിരത്തോളം ജനസംഖ്യയുള്ള സ്വയംഭരണാധികാരമുള്ള ദ്വീപാണ് ഗ്രീൻലാൻഡ്. ഗ്രീൻലാൻഡിനെ സംരക്ഷിക്കണം. നമ്മൾ അതു ചെയ്യുന്നില്ലെങ്കിൽ, ചൈനയോ റഷ്യയോ ചെയ്യും.
സൈനിക നടപടിയടക്കം പരിഗണനയിൽ
ഗ്രീൻലാൻഡിനെ അമേരിക്കയുടെ നിയന്ത്രണത്തിലാക്കാൻ സൈനിക നടപടിയടക്കം പരിഗണനയിലാണെന്നു നേരത്തെ സൂചനകൾ പുറത്തുവന്നിരുന്നു. ഡെൻമാർക്കിൽനിന്നു പിരിഞ്ഞ് അമേരിക്കയുടെ ഭാഗമാകാൻ ഗ്രീൻലാൻഡുകാരെ പ്രേരിപ്പിക്കാൻ വൻതുകകൾ നൽകുന്നത് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളെക്കുറിച്ചു ട്രംപും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരും ചർച്ച നടത്തിവരികയാണ്.
ട്രംപിന്‍റെ പ്രസ്താവനകൾക്കെതിരേ യൂറോപ്പിൽ പൊതുവേയും ഡെൻമാർക്കിലും കടുത്ത പ്രതിഷേധം
ഗ്രീൻലാൻഡിൽ തങ്ങൾക്ക് അവകാശമുണ്ടെന്നുള്ള ട്രംപിന്‍റെയും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുടെയും പ്രസ്താവനകൾക്കെതിരേ യൂറോപ്പിലും പൊതുവേയും ഡെൻമാർക്കിലും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. നാറ്റോ അംഗങ്ങളാണ് യുഎസും ഡെൻമാർക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള പോര് നാറ്റോയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഗ്രീൻലാൻഡിന്‍റെ കാര്യത്തിൽ തീരുമാനമെടു ക്കാനുള്ള അവകാശം ഗ്രീൻലാൻഡിനും ഡെൻമാർക്കിനുമാണെന്ന് ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, സ്പെയിൻ, ബ്രിട്ടൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
