കേരള എക്‌സ്പ്രസില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലീസിന് കൈമാറി

 
കോട്ടയം: ട്രെയിനില്‍ വീണ്ടും മദ്യപന്റെ അതിക്രമം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസില്‍ മദ്യലഹരിയില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലീസിന് കൈമാറി. നവംബർ 12 ബുധനാഴ്ച വൈകീട്ട് ചങ്ങനാശ്ശേരിയില്‍വെച്ചായിരുന്നു സംഭവം.

യാത്രക്കാര്‍ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയും നിലത്ത് കിടത്തുകയുമായിരുന്നു

ട്രെയിന്‍ കോട്ടയം സ്‌റ്റേഷന്‍ വിട്ടതിന് പിന്നാലെയാണ് മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത്. ഇതോടെ സ്ത്രീകള്‍ ഒഴിഞ്ഞുമാറിയെങ്കിലും ഇയാള്‍ വീണ്ടും സ്ത്രീകളുടെ അടുത്തെത്തി മോശമായി പെരുമാറുകയായിരുന്നു. ഇതോടെ സഹയാത്രികരായ പുരുഷന്മാര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചു. ഇയാളുടെ ഷര്‍ട്ട് അഴിച്ചെടുത്ത് ഇതുകൊണ്ട് കൈകള്‍ കെട്ടിയിട്ടു. ഇതിനിടെ ഇയാള്‍ കുതറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയും നിലത്ത് കിടത്തുകയുമായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതോടെ പ്രതിയെ റെയില്‍വേ പോലീസിന് കൈമാറി.

ദിവസങ്ങള്‍ക്ക് മുന്‍പാണ് വര്‍ക്കലയില്‍ മദ്യപനായ യാത്രക്കാരന്‍ ട്രെയിനില്‍നിന്ന് യുവതിയെ ചവിട്ടിത്തള്ളിയിട്ടത്. ഈ സംഭവമുണ്ടായതും കേരള എക്‌സ്പ്രസിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →