.
ബിലാസ്പുര്‍: ഛത്തീസ്ഗഢിലെ ബിലാസ്പുരില്‍ പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് ആറ് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. പാസഞ്ചര്‍ ട്രെയിനിലെ ലോക്കോപൈലറ്റ് അപകട മുന്നറിയിപ്പ് ( റെഡ് സിഗ്നല്‍) മറികടന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
ചുവപ്പ് സിഗ്നല്‍ കണ്ടിട്ടും ട്രെയിന്‍ നിര്‍ത്താതെ പോവുകയായിരുന്നു.
ചുവപ്പ് സിഗ്നല്‍ കണ്ടിട്ടും ട്രെയിന്‍ നിര്‍ത്താതിരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കും. അപകടത്തിന്റെ കാരണം കണ്ടെത്താനും ആവശ്യമായ തിരുത്തല്‍ നടപടികള്‍ ശുപാര്‍ശ ചെയ്യാനുമായി കമ്മീഷണര്‍ ഓഫ് റെയില്‍വേ സേഫ്റ്റിയുടെ (CRS) തലത്തിലായിരിക്കും അന്വേഷണം നടത്തുകയെന്നും റെയില്‍വേ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
മുന്നില്‍ പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു
അയല്‍ ജില്ലയായ കോര്‍ബയിലെ ഗേവ്റയില്‍ നിന്ന് ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന മെമു ട്രെയിന്‍ ഗതോറയ്ക്കും ബിലാസ്പുര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കും ഇടയില്‍ വെച്ച് മുന്നില്‍ പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. മെമുവിന്റെ മുന്നിലെ കോച്ച് ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. ആദ്യത്തെ മൂന്നുകോച്ചുകളിൽ ഉണ്ടായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.
