സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് നവംബർ 4 ന് തുടക്കമാകും
തിരുവനന്തപുരം | സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് നവംബർ 4 ന് തുടക്കമാകും. വീടുകൾ തോറുമുള്ള വിവര ശേഖരണത്തിനാണ് 4 ന് തുടക്കം കുറിക്കുക. ഇതിനായി ബി എൽ ഒമാർ വീടുകൾ കയറിയിറങ്ങും. നവംബർ നാലിന് ആരംഭിച്ച് ഡിസംബർ നാല് വരെ ഇത് തുടരും. തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിസംബർ 9-ന് കരട് വോട്ടർ പട്ടിക പുറത്തിറക്കും. കരട് പട്ടികയിന്മേലുള്ള അവകാശവാദങ്ങളും ആക്ഷേപങ്ങളും അടുത്ത വർഷം ജനുവരി 8 വരെ സമർപ്പിക്കാം..
വോട്ടർമാരിൽ ഏകദേശം 90% പേർക്കും രേഖകൾ നൽകേണ്ടി വരില്ല
വീടുകൾ തോറും വിവരശേഖരണത്തിനായി നൽകുന്ന ഫോം തിരികെ നൽകുന്ന സമയത്ത് രേഖകൾ സമർപ്പിക്കേണ്ട ആവശ്യമില്ല. 2002-2004 വർഷങ്ങളിലെ വോട്ടർ പട്ടികയിൽ പേരുള്ളവർ, അല്ലെങ്കിൽ അവരുടെ മാതാപിതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ പേര് ഈ പട്ടികയിൽ ഉള്ളവർ എന്നിവർ രേഖകൾ നൽകേണ്ടതില്ല. മുമ്പുള്ള പട്ടികയിലെ ഒരു വോട്ടറുമായി പേര് ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് മാത്രമേ രേഖകൾ നൽകേണ്ടതുള്ളൂ. ഇത്തരക്കാർക്ക് ഡിസംബർ 9-നും അടുത്ത വർഷം ജനുവരി 31-നും ഇടയിൽ നോട്ടീസ് നൽകും. വോട്ടർമാരിൽ ഏകദേശം 90% പേർക്കും രേഖകൾ നൽകേണ്ടി വരില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്.
