.
കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മസാറെ ഷരീഫ് നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ നൂറ്റന്‍പതോളം പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക ആരോഗ്യ ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നഗരത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആശങ്ക. യു.എസ്. ജിയോളജിക്കല്‍ സര്‍വേ പ്രകാരം റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്.ഭൂചലനത്തെത്തുടര്‍ന്ന് യുഎസ്ജിഎസ് അതിന്റെ പേജര്‍ (PAGER) സിസ്റ്റത്തില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. കാര്യമായ നാശനഷ്ടങ്ങളുണ്ടെന്നാണ് ഇത് നൽകുന്ന സൂചന
ഭൂമിക്കടിയിൽ 28 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്‍റെ കേന്ദ്രം
മസാറെ ഷരീഫിലെ ഒരുവീട്ടിലെ സിസിടിവിയില്‍നിന്ന് ഭൂചലനത്തിന്റെ ദൃശ്യം വ്യക്തമാകുന്നുണ്ട്. ഈ വീഡിയോ മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. നഗരത്തിലുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഏകദേശം അഞ്ചേകാല്‍ ലക്ഷത്തോളം പേര്‍ അധിവസിക്കുന്ന മസാറെ ഷരീഫിന് സമീപം ഭൂമിക്കടിയിൽ 28 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്‍റെ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.
