കുന്നത്തുകാല്‍: കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍. ആരോപണം അടിസ്ഥാന രഹിതമെന്നും പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും ആശുപത്രി അധികൃതർ. കിഡ്‌നി സ്റ്റോണ്‍ സംബന്ധമായ അസുഖം കാരണം ഒക്ടോബർ 9ന് കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജില്‍ പ്രവശിക്കപ്പെട്ട ആറാലുംമൂട്, അഴകറത്തല വിഷ്ണുഭവനില്‍ ഭാസ്കരന്റെ ഭാര്യ കുമാരി (55)യാണ് ശസ്ത്രക്രിയ നടക്കുന്നതിനിടെ മരണപ്പെട്ടത്. ഒക്ടോബർ 11 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെ യാണ് മരണം സംഭവിച്ചത്..
ബന്ധുക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കി
കുമാരിയുടെ ശരീരത്തില്‍ ശസ്ത്രക്രിയ നടത്തിയ പാടുകള്‍ ഇല്ലായിരുന്നെന്നും അനസ്‌തേഷ്യ നല്‍കിയതില്‍ ഉള്‍പ്പെടെയുള്ള ചികിത്സാ പിഴവാണ് മരണകാരണമെന്നും ആരോപിച്ച് ബന്ധുക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ലേസർ തരംഗങ്ങള്‍ കൊണ്ട് സ്റ്റോണ്‍ മാറ്റുന്ന ലിത്തോട്രിപ്‌സി എന്ന ശസ്ത്രക്രിയയാണ് കുമാരിക്ക് നടത്തിയതെന്നും അതിനാല്‍ ശരീരത്തില്‍ ശസ്ത്രക്രിയയുടേതായി മുറിവുകള്‍ ഉണ്ടാകാറില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് ഏതു തരം അന്വേഷണങ്ങളും നേരിടാൻ തയ്യാറാണെന്നുമാണ് യൂറോളജി ഡോക്ടർ ചെല്ലക്കണ്ണിന്റെ വിശദീകരണം. ബന്ധുവായ അരുണ്‍കുമാറിന്റെ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ വെള്ളറട പൊലീസ് മേല്‍ നടപടി സ്വീകരിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ മേല്‍ നടപടി സ്വീകരിക്കും
നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം ആർ.ഡി.ഒയുടെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ മേല്‍ നടപടി സ്വീകരിക്കുമെന്ന് വെള്ളറട സി.ഐ. പ്രസാദ് പറഞ്ഞു. മക്കള്‍: വിഷ്ണു വിദ്യ,വിമല്‍. മരുമകൻ: അരുണ്‍കുമാർ. മൃതദേഹം ഒക്ടോബർ 13 ന് രാവിലെ 9ന് ഊരൂട്ടുകാല പൊതുശ്മശാനത്തില്‍ സംസ്കരിക്കും
