കൊട്ടിയം : തെരുവ് നായയുടെ കടിയേറ്റ് നെടുമ്പനയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 11 പേർ ആശുപത്രിയില്‍. നെടുമ്പന പഞ്ചായത്തിലെ 17,18 വാർഡുകള്‍ ഉള്‍പ്പെടുന്ന തൈക്കാവ് മുക്ക്, ചിലവൂർക്കോണം, മുളങ്കുഴി, കൃഷിഭവൻ, നെടുമ്പന സ്റ്റേഡിയത്തിന് സമീപത്തുമായി കുട്ടികള്‍ ഉള്‍പ്പെടെ 11 ഓളം പേരാണ് തെരുവ് നായയുടെ കടിയേറ്റു ചികിത്സ തേടിയിരിക്കുന്നത്. തെരുവ് നായയുടെ കടിയേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയും വാക്സിൻ എടുക്കുകയും ചെയ്തിട്ടുണ്ട്.
ജനങ്ങള്‍ സംഘടിച്ച് നായയെ തല്ലിക്കൊല്ലുകയായിരുന്നു.
ചുണ്ടിലും തുടയിലും കടിയേറ്റവർ കൂട്ടത്തിലുണ്ട്. വ്യാപകമായി ഓടിനടന്ന് നായ കടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസല്‍ കുളപ്പാടത്തിന്‍റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹാഷിം, ശിവദാസൻ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ സംഘടിച്ച് നായയെ തല്ലിക്കൊല്ലുകയായിരുന്നു.
പേ വിഷബാധ പരിശോധനക്ക് നായയെ ജില്ലാ വെറ്ററിനറി ഹോസ്പിറ്റലില്‍ എത്തിച്ചു.
ചത്ത നായെ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനായി നെടുമ്പന മൃഗാശുപത്രിയില്‍ നിന്നും ആരും എത്താത്തതിനെ തുടർന്ന് നാട്ടുകാർ സംഘടിച്ച് നായയെ നെടുമ്പന പഞ്ചായത്തിലെ മൃഗാശുപത്രിയില്‍ ഉപേക്ഷിക്കാൻ ശ്രമിച്ചത് സംഘർഷാവസ്ഥ ഉണ്ടാക്കി. തുടർന്ന് മന്ത്രി ചിഞ്ചു റാണിയുടെ ഇടപെടലിനെ തുടർന്നാണ് പേ വിഷബാധ പരിശോധനക്ക് നായയെ പൊതുജനങ്ങളുടെ സഹായത്തോടെ ജില്ലാ വെറ്ററിനറി ഹോസ്പിറ്റലില്‍ എത്തിക്കുന്നത്
