മൈസൂരു | കർണ്ണാടകയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർദ്ധിക്കുന്നവെന്ന ആശങ്കകൾക്കിടെ, മൈസൂരുവിലെ പ്രശസ്തമായ ജയദേവ ആശുപത്രിയിൽ ഹൃദയ പരിശോധനകൾക്കായി ആയിരക്കണക്കിന് ആളുകൾ എത്തുന്നു. ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളിൽ, അതിരാവിലെ മുതൽ ഔട്ട്‌പേഷ്യന്റ് കൺസൾട്ടേഷനായി ആളുകൾ നീണ്ട നിരയിൽ കാത്തുനിൽക്കുന്നത് കാണാം.ഹാസൻ ജില്ലയിൽ ചെറുപ്പക്കാർക്കിടയിൽ . ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളിൽ ചകിതരായാണ് ആളുകൾ പരിശോധനക്ക് എത്തുന്നത്.
പരിഭ്രാന്തരാകരുതെന്ന അഭ്യർത്ഥനയുമായി മെഡികക്ൽ സൂപ്രണ്ട്.
പരിഭ്രാന്തരാകരുതെന്ന് മൈസൂരുവിലെ ജയദേവ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. കെ.എസ്. സദാനന്ദ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. “മാധ്യമ റിപ്പോർട്ടുകൾ കണ്ടതിന് ശേഷം ആളുകൾ പരിഭ്രാന്തരായി ആശുപത്രിയിലേക്ക് വരികയാണ്. ജയദേവ ആശുപത്രിയിൽ ഒരു തവണ പരിശോധിച്ചതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കിംവദന്തികൾക്ക് അമിതമായി ശ്രദ്ധ നൽകരുതെന്നും ആശുപത്രി സൂപ്രണ്ട്
അടുത്തുള്ള ഏതെങ്കിലും സൗകര്യങ്ങളിൽ ആളുകൾ ഹൃദയ പരിശോധന നടത്തണം. ഹൃദയ പരിശോധനകൊണ്ട് മാത്രം ഭാവിയിലെ പ്രശ്നങ്ങൾ തടയാൻ കഴിയില്ല. ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. ആരോഗ്യം നിലനിർത്താൻ പതിവ് വ്യായാമം അത്യാവശ്യമാണ്. എല്ലാവരും ജയദേവ ആശുപത്രിയിലേക്ക് വന്നാൽ, നിലവിലുള്ള ഹൃദയ രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നത് ബുദ്ധിമുട്ടാകും. കിംവദന്തികൾക്ക് അമിതമായി ശ്രദ്ധ നൽകരുതെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
ധാരാളം ആളുകൾ മുൻകരുതൽ പരിശോധനകൾക്കായി എത്തുന്നു.
കഴിഞ്ഞ മാസം 40 ദിവസത്തിനിടെ ഹാസനിൽ റിപ്പോർട്ട് ചെയ്ത 23 ഹൃദയാഘാത മരണങ്ങളെ തുടർന്നാണ് ജയദേവ ആശുപത്രിയുടെ മൈസൂരു, ബെംഗളൂരു ശാഖകളിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. ഇതിൽ ആറ് പേർക്ക് 19 നും 25 നും ഇടയിലും, എട്ട് പേർക്ക് 25 നും 45 നും ഇടയിലുമായിരുന്നു പ്രായം. ഹൃദയാഘാത റിപ്പോർട്ട് ബെംഗളൂരുവിലെ ജയദേവ ആശുപത്രിയിൽ രോഗികളുടെ എണ്ണത്തിൽ 8 ശതമാനം വർദ്ധനവിന് കാരണമായി. വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ ഹാസനിൽ നിന്നും സമീപ ജില്ലകളിൽ നിന്നും ധാരാളം ആളുകൾ മുൻകരുതൽ പരിശോധനകൾക്കായി എത്തിയതായി ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
സംഭവവികാസങ്ങൾ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ .
സംസ്ഥാന സർക്കാർ സംഭവവികാസങ്ങൾ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഈ മരണങ്ങളുടെ കാരണം അന്വേഷിക്കാൻ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ഡയറക്ടർ ഡോ. കെ.എസ്. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ സർക്കാർ നിയോഗിച്ചു. ഹാസനിലെ സംഭവവികാസങ്ങളെ ഒരു പ്രത്യേക കേസ് പഠനമായി കാണണമെന്നതുൾപ്പെടെ നിരവധി ശുപാർശകളോടെ സമിതി അടുത്തിടെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു..
