ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് അന്തരിച്ച പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി ബിജെപി എംപി പ്രവീണ്‍ ഖണ്ഡേല്‍വാൽ റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. . ഡല്‍ഹിയിലെ ചാന്ദ്‌നിചൗക്കിനെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്ന എംപിയാണ് ഇദ്ദേഹം. തന്റെ കര്‍മമണ്ഡലം കൂടിയായിരുന്ന ഡല്‍ഹിയോട് ഗാഢമായ വൈകാരിക അടുപ്പം വാജ്‌പേയിക്കുണ്ടായിരുന്നെന്നും റെയില്‍വേ സ്‌റ്റേഷന്‍ പുനര്‍നാമകരണം ചെയ്യുന്നതിലൂടെ അദ്ദേഹം ആജീവനാന്തം രാജ്യത്തിന് നല്‍കിയ സേവനത്തിനുള്ള ആദരവായി മാറുമെന്നും ഖണ്ഡേല്‍വാല്‍ കത്തില്‍ പറയുന്നു.
മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്, ബെംഗളൂരുവിലെ ക്രാന്തിവീര സംഗൊല്ലി രായണ്ണ സ്റ്റേഷന്‍ തുടങ്ങിയ ഉദാഹരണങ്ങളും പുനര്‍നാമകരണങ്ങള്‍ക്ക് ഉദാഹരണമായി പ്രവീണ്‍ ഖണ്ഡേല്‍വാല്‍ ചൂണ്ടിക്കാണിക്കുന്നു. കുറച്ചുദിവസം മുന്‍പ് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന് അഗ്രോഹയിലെ രാജാവായിരുന്ന മഹാരാജ് അഗ്രസെന്നിന്റെ പേര് നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.